Sunday, 25 December 2011

ആയുര്‍വേദം - ശരീരം, മനസ്, ആത്മാവ് എന്നിവയുടെ ലയം

ഏകദേശം BC 600-ഓടെ ഇന്ത്യയിലാണ് ആയുര്‍വേദത്തിന്റെ ഉദയം. ചികിത്സയ്ക്കും രോഗ പ്രതിരോധത്തിനും തുല്യപ്രാധാന്യം നല്‍കുന്ന ഔഷധ വ്യവസ്ഥയാണ് ആയുര്‍വേദത്തിന്റേത്. ദ്രാവിഡന്‍മാരും ആര്യന്‍മാരും പിന്‍തുടര്‍ന്നു വന്ന ഇത് ആധുനികകാലത്തും അവഗണിക്കാനാവാത്ത ഒരു വൈദ്യശാസ്ത്രവിഭാഗമാണ്. വാതം, പിത്തം, കഫം എന്നിവയുടെ ശരിയായ നിയന്ത്രണത്തിലൂടെ ശരീര സന്തുലനം ഉറപ്പാക്കുകയാണ് ആയുര്‍വേദത്തിന്റെ രീതി.

രോഗം ബാധിച്ച ശരീരഭാഗത്തെ മാത്രം ചികിത്സിക്കുന്നതിലല്ല മറിച്ച് വ്യക്തിയെ സമഗ്രമായി സുഖപ്പെടുത്തുന്നതിലാണ് ആയുര്‍വേദം വിശ്വസിക്കുന്നത്. ശരീരത്തിലെ മുഴുവന്‍ വിഷാംശങ്ങളെയും ഇല്ലാതാക്കി തികച്ചും പ്രകൃതിദത്തമായ രീതികളിലൂടെ ശരീരത്തിന്റെ പ്രതിരോധവും സൗഖ്യവും ആയുര്‍വേദം വീണ്ടെടുക്കുന്നു.

കേരളം ആയുര്‍വേദത്തിന്റെ സ്വന്തം നാട്
സമശീതോഷ്ണ കാലാവസ്ഥയും ഔഷധ സസ്യങ്ങളുടെ ലഭ്യതയും ജൂണ്‍ മുതല്‍ നവംബര്‍ വരെ നീളുന്ന മഴക്കാലവും കൊണ്ട് സമ്പന്നമായ കേരളം ആയുര്‍വേദ ചികിത്സയ്ക്ക് ഏറ്റവും അനുയോജ്യമായ പ്രദേശമാണ്.

സമ്പൂര്‍ണമായ സമര്‍പ്പണത്തോടെ ആയുര്‍വേദ ചികിത്സ നടത്തുന്ന ഏക ഇന്ത്യന്‍ സംസ്ഥാനവും കേരളമാണെന്നതാണ് യാഥാര്‍ത്ഥ്യം.

മണ്‍സൂണ്‍ - പുനര്‍താരുണ്യത്തിന്റെ പുണ്യകാലം
വാര്‍ധക്യത്തെ അകറ്റി ശരീര സൗഖ്യം വീണ്ടെടുക്കുന്ന പുന:താരുണ്യ ചികിത്സയ്ക്ക് ഏറ്റവും അനുയോജ്യമായത് മഴക്കാലമാണെന്ന്് പ്രാചീന ഗ്രന്ഥങ്ങള്‍ വെളിപ്പെടുത്തുന്നു. ഈ സമയം അന്തരീക്ഷം വളരെ ഊഷ്മളവും പൊടിപടലങ്ങളില്ലാത്തതുമായതിനാല്‍ പ്രകൃതിദത്ത എണ്ണകളും മറ്റൗഷധങ്ങളും പരമാവധി ഉള്ളിലേക്ക് പ്രവേശിക്കും വിധം ശരീരദ്വാരങ്ങള്‍ തുറന്നിരിക്കും.

No comments:

Post a Comment