Sunday, 18 December 2011

ഗാവി

           അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രശസ്‌തമായിക്കൊണ്ടിരിക്കുന്ന ഇക്കോ-ടൂറിസം കേന്ദ്രമാണ്‌ ഗാവി. കേരള ഫോറസ്‌റ്റ്‌ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലുള്ള ഗാവിയെ, 'അലിസ്‌റ്റയര്‍ ഇന്റര്‍നാഷണല്‍' എന്ന ആഗോള ടൂറിസം കമ്പനി, ഇന്ത്യയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്തിട്ടുണ്ട്‌.


          സാഹസിക സഞ്ചാരം, വന്യജീവിനിരീക്ഷണം, ട്രെക്കിങ്‌ എന്നിവയ്‌ക്ക്‌ ഉചിതമായ സ്ഥലമാണ്‌. കാട്ടില്‍ കൂടാരമൊരുക്കുന്നത്‌ മുതല്‍ പാചകം വരെയുള്ള എല്ലാ കാര്യങ്ങളും കുറഞ്ഞ ചെലവില്‍ തദ്ദേശീയര്‍ ചെയ്‌തു തരുന്നു. തേയിലത്തോട്ടങ്ങള്‍ക്ക്‌ നടുവിലൂടെയാണ്‌ ഗാവിയിലേയ്‌ക്കുള്ള യാത്ര. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്‌ എന്നീ സ്ഥലങ്ങള്‍ പിന്നിട്ട്‌ വണ്ടിപ്പെരിയാറില്‍ നിന്നാണ്‌ ഗാവിയിലേയ്‌ക്ക്‌ തിരിയുന്നത്‌. ഗാവിയിലെത്തിക്കഴിഞ്ഞാല്‍ 'ഗ്രീന്‍ മാന്‍ഷന്‍' എന്ന ഇക്കോ-ലോഡ്‌ജില്‍ തങ്ങാം. കാടിന്റെ പരിസരത്ത്‌ ടെന്റ്‌ കെട്ടി പാര്‍ക്കണമെങ്കില്‍ അതുമാകാം. ഈ ലോഡ്‌ജിന്റെ വളരെയടുത്താണ്‌ ഗാവി തടാകം. ഇവിടെ ബോട്ടിങ്‌ സൗകര്യം ലഭ്യമാണ്‌. വനം, പുല്‍മേട്‌, കുന്നുകള്‍, താഴ്‌വരകള്‍, ഏലത്തോട്ടങ്ങള്‍, ചോലക്കാടുകള്‍ എന്നിവ പശ്ചാത്തലമൊരുക്കുന്ന ഗാവിയിലെ താമസം അനിര്‍വചനീയമായൊരു അനുഭൂതി തന്നെയായിരിക്കാം. വരയാട്‌, സിംഹവാലന്‍കുരങ്ങ്‌ തുടങ്ങിയ മൃഗങ്ങളെ വളരെ അടുത്ത്‌ നിന്ന്‌ കാണാം. മലമുഴക്കി വേഴാമ്പല്‍, മരംകൊത്തി, പൊന്‍മാന്‍ തുടങ്ങിയവയടക്കം 260 സ്‌പീഷീസുകളിലെ പക്ഷികളുടെ സങ്കേതം കൂടിയാണ്‌ ഗാവി. ഗാവിയില്‍ നിന്ന്‌ കൊല്ലൂര്‍, ഗാവിപുല്‍മേട്‌, കൊച്ചു പമ്പ, പച്ചക്കാനം തുടങ്ങിയ സ്ഥലങ്ങളിലേയ്‌ക്ക്‌ രാത്രിയാത്ര ചെയ്യാനും 'നിശാചാരികളെ' നിരീക്ഷിക്കാനും അവസരമുണ്ട്‌. 
               ഏറുമാടങ്ങള്‍, ടെന്റുകള്‍ തുടങ്ങിയവയില്‍ താമസിച്ച്‌ വനജീവിതം അടുത്തറിയാനും ഗാവി
അവസരമൊരുക്കുന്നു.


എത്തേണ്ട വിധം -
വണ്ടിപ്പെരിയാറില്‍ നിന്ന്‌ 28 കി. മീ., തേക്കടിയില്‍ നിന്ന്‌ 46 കി. മീ.
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - കോട്ടയം 114 കി. മീ.
സമീപസ്ഥ വിമാനത്താവളം - മധുര 140 കി. മീ., കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 190 കി. മീ.


ബന്ധപ്പെടാനുള്ള വിലാസം -
പെരിയാര്‍ ടൈഗര്‍ റിസര്‍വ്‌
ഇക്കോ-ടൂറിസം പ്രോജക്ട്‌ പെരിയാര്‍


കൂടുതല്‍ വിവരങ്ങള്‍ക്ക്‌
ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌
തേക്കടി
ഫോണ്‍ 00 91 4869 222620

No comments:

Post a Comment