Friday, 9 March 2012

തീയാട്ട്

          കേരളത്തിലെ ഒരു അനുഷ്ഠാനകലയാണ് "തീയാട്ട്". അതിപ്രാചീനമായ ഈ അനുഷ്ഠാനത്തെപ്പറ്റി കേരളോല്‍പ്പത്തിയില്‍ പരാമര്‍ശമുണ്ട്. ദൈവാട്ടം അഥവാ ദൈവമായിട്ടാടല്‍ എന്നത് തെയ്യാട്ട് ആയി എന്നും അതില്‍ നിന്നാണ് തീയാട്ട് എന്ന പദം ഉണ്ടായതെന്നുമാണ് പ്രബലമായ മതം. പന്തം (തീ) ഉഴിച്ചിലിന് പ്രാധാന്യമുള്ളത് ആയതിനാലാണ് തീയാട്ട് എന്ന പേരു വന്നത് എന്നും അഭിപ്രായമുണ്ട്.
             അയ്യപ്പന്‍തീയാട്ട്, ഭദ്രകാളിത്തീയാട്ട് എന്നിങ്ങനെ തീയാട്ട് രണ്ടു വിധമുണ്ട്. ശാസ്താക്ഷേത്രങ്ങളില്‍ തീയാടിനമ്പ്യാര്‍മാര്‍ നടത്തുന്ന അനുഷ്ഠാനമാണ് അയ്യപ്പന്‍തീയാട്ട്. കളമെഴുതി അതിനടുത്തിരുന്ന് 'തീയാടി' പറകൊട്ടിപ്പാടിക്കൊണ്ടാണ് ഇതിനു തുടക്കം കുറിക്കുക. തുടര്‍ന്ന് ഗണികേശ്വരന്റെ വേഷം കെട്ടി പ്രത്യക്ഷപ്പെട്ട് കൂത്ത് നടത്തും. കൂത്ത് കഴിയുന്നതോടെ വെളിച്ചപ്പാട് കളം മായ്ക്കും.
            ഭദ്രകാളിത്തീയാട്ട് ഭദ്രകാളിക്ഷേത്രങ്ങളിലും വീടുകളിലും (നമ്പൂതിരി ഭവനങ്ങള്‍, തീയാട്ടുണ്ണിമാരുടെ വീടുകള്‍) നടത്താറുണ്ട്. തീയാട്ടുണ്ണിമാരാണ് ഇത് അവതരിപ്പിക്കുക. ഭദ്രകാളിക്കളം എഴുതിയശേഷം തീയാട്ടുണ്ണി ഭദ്രകാളിവേഷം ധരിച്ചെത്തും. ദാരികവധ കഥ അഭിനയിച്ചശേഷം കളം മായ്ക്കും. പിന്നീട് കാര്‍മികന്‍ സാധാരണ വേഷത്തില്‍ പൂജാകര്‍മങ്ങള്‍ നടത്തും. പന്തം കൊളുത്തി തേങ്ങാ ഉടച്ച് ബലിയുഴിച്ചില്‍ നടത്തുന്നതോടെയാണ് ചടങ്ങുകള്‍ അവസാനിക്കുക.

No comments:

Post a Comment