Saturday, 24 March 2012

നെന്മാറ വേല

         കേരളത്തിലെ പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലുള്ള ഒരു ചെറിയ ഗ്രാമമാണ് ‍നെന്മാറ. നെന്മാറ വല്ലങ്ങി വേല, അല്ലെങ്കിൽ നെന്മാറ വേല എന്ന് അറിയപ്പെടുന്ന ഉത്സവത്തിന് പ്രശസ്തമാണ് ഇവിടം.
                  നെന്മാറ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള മുഖ്യമായും ഗ്രാമീണമായ ഒരു സ്ഥലമാണ് നെന്മാറ. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് തിരുക്കൊച്ചി രാജ്യത്തിന്റെ കീഴിലായിരുന്നു നെന്മാറ. തൃശ്ശൂർ-പൊള്ളാച്ചി വഴിയിലാണ് നെന്മാറ. ഇവിടെ നിന്ന് കൊല്ലങ്കോട്, ഗോവിന്ദപുരം വഴി തമിഴ്‌നാട്ടിലേക്കു പോകാം. നെല്ലിയാമ്പതിയിലേക്കുള്ള പ്രവേശന കവാടമാണ് നെന്മാറ എന്നു പറയാം. നെല്ലിയാമ്പതി നെന്മാറയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ്. പോത്തുണ്ടി ഡാം നെന്മാറയിൽ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള വഴിയിൽ 9 കിലോമീറ്റർ അകലെയാണ്.


ചരിത്രം

           നെന്മാറ, വല്ലങ്ങി എന്നീ ഗ്രാമങ്ങൾ പണ്ടുകാലത്തെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായിരുന്നു. നെന്മാറ എന്ന പേര് 'നെയ്യ് മാറിയ ഊര്' (നെയ്യ് കച്ചവടം നടന്ന സ്ഥലം) എന്ന പേര് ലോപിച്ച് ഉണ്ടായതാണ് എന്നു കരുതുന്നു. മുൻപ് ധാരാളം നെൽ‌വയലുകളുണ്ടായിരുന്ന നെന്മാറ 'നെന്മണിയുടെ അറ' എന്ന പേര് ലോപിച്ചുണ്ടായതാണെന്നും ഒരു മതമുണ്ട്. ഈ ഗ്രാമത്തിനെ തദ്ദേശവാസികൾ ചിറ്റൂർ താലൂക്കിന്റെ നെല്ലറ എന്ന് സ്നേഹത്തോടെ വിശേഷിപ്പിച്ചിരുന്നു. ഇന്ന് നെൽ‌വയലുകൾ നികത്തി ഭവന നിർമ്മാണത്തിനുള്ള സ്ഥലങ്ങളായി മാറ്റിക്കൊണ്ടിരിക്കുന്നു.

നെന്മാറ വല്ലങ്ങിവേല


       നെന്മാറ വല്ലങ്ങിവേല, അഥവാ നെന്മാറ വേലയ്ക്ക് പ്രശസ്തമാണ് നെന്മാറ. പാ‍ലക്കാട് ജില്ലയിലെ വേനൽക്കാലത്ത് വിളവെടുപ്പു കഴിഞ്ഞാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഇവിടങ്ങളിലെ പ്രധാന കൃഷി നെൽകൃഷിയാണ്. കൊയ്ത്തുകഴിഞ്ഞ് വയലുകൾ ഉണങ്ങിക്കിടക്കുമ്പോഴാണ് വേല തുടങ്ങുക. തൃശ്ശൂർ പൂരത്തിനു സമാനമായി വലിയ ആഘോഷത്തോടെയാണ് നെന്മാറ വേല കൊണ്ടാടുന്നത്. ഗ്രാമത്തിലെ ക്ഷേത്രത്തിലെ കുലദേവതയുടെ ജന്മദിനമോ അല്ലെങ്കിൽ ദേവി ഏതെങ്കിലും രാക്ഷസനെ കൊല്ലുന്നതിന്റെ സ്മരണയോ ആണ് നെന്മാറ വേലയായി ആഘോഷിക്കുന്നത്.
           മലയാളമാസമായ മീന മാസം 20-നു ആണ് വേല തുടങ്ങുക. (ഏപ്രിൽ 2, അല്ലെങ്കിൽ 3-ആം തിയ്യതി). നെന്മാറ, വല്ലങ്ങി എന്നീ മത്സരിക്കുന്ന ഗ്രാമങ്ങൾക്ക് അവരുടേതായ ക്ഷേത്രങ്ങളും ഒരു പൊതുവായ അമ്പലവുമുണ്ട് (നെല്ലിക്കുളങ്ങര ക്ഷേത്രം). ഇവിടെയാണ് ഈ രണ്ട് ഗ്രാമങ്ങളിലെ ഉത്സവ സംഘങ്ങളും ഒന്നിച്ചു കൂടുക. വേല തുടങ്ങുന്ന ദിവസത്തിന് 10 ദിവസം മുൻപേ തന്നെ രണ്ടു ഗ്രാമ ക്ഷേത്രങ്ങളിലും കൊടിയേറ്റത്തോടെ ആഘോഷങ്ങൾ തുടങ്ങുന്നു. കൊടിയേറ്റം കഴിഞ്ഞാൽ ഗ്രാമവാസികൾ ഗ്രാമം വിട്ടുപോകുവാൻ പാടില്ല എന്നാണ് വയ്പ്പ്. പത്തു ദിവസത്തിനുശേഷം ആഘോഷങ്ങളോടെ രാത്രിയിൽ വേല തുടങ്ങുന്നു.
           നെന്മാറ ഗ്രാമം വേല തുടങ്ങുന്നത് മന്നത്തുമുത്തി ക്ഷേത്രത്തിൽ നിന്നും വല്ലങ്ങി വേല തുടങ്ങുന്നത് ശിവക്ഷേത്രത്തിൽ നിന്നുമാണ്. ഓരോ സംഘത്തിനും 11 മുതൽ 15 വരെ ആനകൾ കാണും. നെറ്റിപ്പട്ടമണിഞ്ഞ് അലങ്കരിച്ച ഈ ആനകളെ വാദ്യങ്ങളോടെ ഗ്രാമത്തിലെ പ്രധാന നിരത്തുകളിലൂടെ നടത്തിക്കുന്നു. വൈകുന്നേരം രണ്ട് സംഘങ്ങളും നെല്ലിക്കുളങ്ങര ക്ഷേത്രത്തിൽ എത്തുന്നു. ഒഴിഞ്ഞുകിടക്കുന്ന കണ്ണെത്താത്ത നെൽ‌വയലുകളിൽ ഒരു വലിയ ജനാവലി തടിച്ചുകൂടുന്നു.
            സമീപ പ്രദേശങ്ങൾക്കു പുറമേ തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ഒരു വലിയ ജനാവലി ഉത്സവത്തിനെത്തുന്നു. വിദേശത്തുനിന്നുള്ള പല വിനോദസഞ്ചാരികളും വേല കാണുവാൻ എത്താറുണ്ട്. പല ടെലിവിഷൻ ചാനലുകളും വേല തത്സമയം സമ്പ്രേക്ഷണം ചെയ്യുന്നു.
          ഉത്സവത്തിന്റെ അവസാനം വെടിക്കെട്ട് ഉണ്ട്. ഇരു വിഭാഗങ്ങളും മത്സരിച്ച് നടത്തുന്ന ഈ വെടിക്കെട്ട് ഗംഭീരമാണ്. എല്ലാ വർഷവും വെടിക്കെട്ടിൽ പുതിയ വിദ്യകൾ പരീക്ഷിക്കുന്നു. ഉത്സവം കഴിഞ്ഞ് ദിവസങ്ങളോളം വെടിക്കെട്ടിന്റെ വലിപ്പവും നിറപ്പകിട്ടും ഗ്രാമങ്ങളിൽ സംസാരവിഷയമായിരിക്കും. ഇരു വിഭാഗങ്ങളും ആനകളുടെ എണ്ണത്തിലും പരസ്പരം തോൽപ്പിക്കുവാൻ നോക്കുന്നു.
          നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നടത്തുന്നതുകൊണ്ട് നെല്ലിക്കുളങ്ങര വേല എന്നും ഇത് അറിയപ്പെടുന്നു.
       ഉത്സവത്തിലെ മറ്റൊരു പ്രധാന ആകർഷണം ആനപ്പന്തൽ ആണ്. കമാനാകൃതിയിൽ നിർമ്മിച്ച ആനപ്പന്തലിൽ ആനകളെ കൂച്ചുവിലങ്ങിട്ടു നിറുത്തിയിരിക്കുന്നു. വർണാഭമായി അലങ്കരിച്ച ആനപ്പന്തലിൽ പല നിറങ്ങളിലുള്ള വൈദ്യുത ബൾബുകൾ തൂക്കിയിരിക്കുന്നു. വൈദ്യുതി പ്രവഹിക്കുമ്പോൾ പല തരത്തിലുള്ള ‘ഡിസൈനു‘കളിൽ ഈ ബൾബുകൾ കത്തുന്നു. പന്തലിൽ ഉത്സവത്തിന്റെ തലേദിവസം വൈദ്യുതി ആദ്യമായി കടത്തിവിട്ട് ബൾബുകൾ കത്തിക്കുന്നത് തദ്ദേശവാസികൾ കൊണ്ടാടുന്ന ഒരു പ്രധാന സംഭവമാണ്. ഇരു സംഘങ്ങളും തങ്ങളുടെ ‘ഡിസൈനു’കളും അലങ്കാരങ്ങളും ആദ്യമായി ബൾബുകളെ പ്രകാശിപ്പിക്കുന്നതു വരെ രഹസ്യമായി സൂക്ഷിക്കുന്നു.
        ഉത്സവത്തിന് ആനകളെ തിരഞ്ഞെടുക്കുന്നത് സംഘാടകർക്ക് മറ്റൊരു പ്രധാന വിഷയമാണ്. ഇരു സംഘങ്ങളും പൊന്നുവില കൊടുത്ത് കേരളത്തിലെ ഏറ്റവും നല്ല ആനകളെ കൊണ്ടുവരാൻ ശ്രമിക്കുന്നു. ചിലപ്പോൾ ഇരുസംഘങ്ങളും ഒരേ ആനയെ കൊണ്ടുവരാൻ ശ്രമിക്കുന്നത് വലിയ ലേലംവിളികൾക്കു കാരണമാവാറുണ്ട്.
           കുടുംബങ്ങളുടെ സംഗമത്തിനുള്ള ഒരു വേദികൂടിയാണ് നെന്മാറ വേല. പല നഗരങ്ങളിലും രാജ്യങ്ങളിലും താമസമുറപ്പിച്ച നെന്മാറ ഗ്രാമ നിവാസികൾ ഈ ഉത്സവം ആഘോഷിക്കാൻ ഒത്തുചേരുന്നു.


എത്തിച്ചേരാനുള്ള വഴി

  • ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങൾ: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കോയമ്പത്തൂർ വിമാനത്താവളം (തമിഴ്‌നാട്)
  • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ: പാലക്കാട് അല്ലെങ്കിൽ തൃശ്ശൂർ
കൊച്ചി വിമാനത്താവളത്തിൽ നിന്നും: തൃശ്ശൂർ ബസ് സ്റ്റാന്റിലേക്കുള്ള ദൂരം - 30 കി.മീ. തൃശ്ശൂർ ബസ് സ്റ്റാന്റിൽ നിന്നും ടാക്സി, ബസ്സ് എന്നിവ നെന്മാറയിലേക്ക് ലഭിക്കും. (35 കി.മീ ദൂരം).
കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്നും: പാലക്കാടിലേക്ക് 60 കിലോമീറ്റർ ദൂരം - ടാക്സി, ബസ്, ട്രെയിൻ എന്നിവ ലഭിക്കും. പാലക്കാടുനിന്ന് നെന്മാറയിലേക്ക് (30 കി.മീ ദൂരം) ടാക്സി, ബസ്സ് ഇവ ലഭിക്കും.

Friday, 16 March 2012

പടയണി

     കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി. പടേനി എന്നും ഇതിനു വിളിപ്പേരുണ്ട്. . വിളവെടുപ്പിനോടനുബന്ധിച്ച് ആണ് ഇത് നടത്തിവരുന്നത്. ഒരു ഗ്രാമത്തിലെ മൊത്തം ജനങ്ങളെയും വസൂരിയിൽ നിന്നും മറ്റും രക്ഷിക്കുന്നതിനായാണ് ഇത് നടത്തിവരുന്നത് എന്നതിനാൽ നാനാജാതിമതസ്ഥരുടേയും പങ്കാളിത്തം പടയണിയിൽ കാണുവാനാകും. കവുങ്ങിൻ‌പാളകളിൽ നിർ‌മ്മിച്ച ചെറുതും വലുതുമായ അനേകം കോലങ്ങളേന്തി തപ്പ്, കൈമണി, ചെണ്ട തുടങ്ങിയ വാദ്യങ്ങളുടെ ശബ്ദമേളങ്ങൾ‌ക്കിടയിൽ തീച്ചൂട്ടുകളുടേയും പന്തങ്ങളുടേയും വെളിച്ചത്തിൽ തുള്ളിയുറയുന്നതാണ് ഇതിന്റെ അവതരണരീതി. ആലപ്പുഴ,പത്തനം തിട്ട, കോട്ടയം എന്നിവിടങ്ങളിലെ ചില ക്ഷേത്രങ്ങളിൽ ഉത്സവക്കാലത്ത് മാത്രമാണിപ്പോൾ പടയണി അരങ്ങേറുന്നത്.പടയണിക്കു വടക്കൻ മലബാറിലെ തെയ്യങ്ങളുമായി സാമ്യം ഊണ്ട് . കവി കടമ്മനിട്ട രാമകൃഷ്ണൻ തൻറെ കവിതകളിലൂടെ പടയണിയെ ജനങ്ങളിലെത്തിക്കാൻ ശ്രമിച്ചതിനാൽ കടമ്മനിട്ടക്കാരുടെ ഒരു കലാരൂപമായിട്ടാണ് ഇന്ന് പടയണി കൂടുതലും അറിയപ്പെടുന്നത്. വസൂരിപോലെയുള്ള സാംക്രമികരോഗങ്ങളിൽ നിന്നു രക്ഷിക്കാൻ ദേവീപ്രീതിക്കായി മറുതക്കോലവും ഇഷ്ടസന്താനലാഭത്തിനു ദേവീപ്രസാദത്തിനായി കാലാരിക്കോലവും രാത്രികാലങ്ങളിലെ ഭയംമൂലമുണ്ടായിത്തീരുന്ന രോഗങ്ങളുടെ ശമനത്തിനായി മാടൻകോലവും കെട്ടുന്നു. യുദ്ധവിന്യാസത്തെക്കുറിയ്ക്കുന്ന പടശ്രേണി എന്ന പദത്തിൽ നിന്നും ഉത്‌ഭവിച്ചതാണ് പടയണി അഥവാ പടേനി.

ഐതിഹ്യം

      അസുരചക്രവർത്തിയായ ദാരികനെ ശിവപുത്രിയായ ഭദ്രകാളി നിഗ്രഹിക്കുന്നതുമായി ബന്ധപ്പെട്ടാണ് പടയണിയുടെ ഐതിഹ്യകഥ. അസുരചക്രവർത്തിയായ ദാരികനെ അടക്കിനിർത്താൻ കഴിയാത്ത ദേവന്മാർ മഹാവിഷ്ണവിൻറെ നിർദ്ദേശപ്രകാരം ദേവന്മാർ ശിവഭഗവാനെ അഭയം പ്രാപിച്ചു. ദാരിക നിഗ്രഹത്തിന് ഭദ്രകാളിയെ നിയോഗിക്കാൻ ശിവൻ തീരുമാനിച്ചു. ബ്രഹ്മാവ്, ദാരികൻ ഉപദേശിച്ചു കൊടുത്ത മൃത്യുഞ്ജയ മന്ത്രമായിരുന്നു അസുരരാജാവിൻറെ അജയ്യതയ്ക്ക് കാരണം. ഇത് ദാരികപത്നി യുദ്ധസമയങ്ങളിൽ ഉരുക്കഴിച്ചുകൊണ്ടിരിക്കുന്നതിനാലായിരുന്നു ദാരികനെ വധിക്കാൻ ആർക്കുമാകാഞ്ഞത്. ദാരികനുമായി യുദ്ധത്തിലേർപ്പെട്ട ഭദ്രകാളിക്ക് അദ്ദേഹത്തെ കീഴ്പ്പെടുത്താൻ ആദ്യം കഴിഞ്ഞില്ല. മൃത്യഞ്ജയമന്ത്ര മറ്റൊരാൾക്കു ദാരികൻറെ ഭാര്യ ഉപദേശിച്ചു കൊടുത്താൽ അതിൻറെ ശക്തി നശിക്കുമെന്ന് ബ്രഹ്മാവ് അസുരരാജാവിനോട് പറഞ്ഞിരുന്നു. ഇതു മനസ്സിലാക്കിയ ശിവപത്നി ശ്രീപാർവതി ബ്രാഹ്മണസ്ത്രീയുടെ വേഷത്തിലെത്തി പരിചാരിക ചമഞ്ഞ് മൃത്യഞ്ജയമന്ത്രം ദാരികൻറെ പത്നിയിൽ നിന്ന് സായത്തമാക്കി. ഇതോടെ ദാരികനെ തോല്പിക്കാൻ ഭദ്രകാളിക്ക് ആയി. പാതാളത്തിൽ അഭയം തേടിയ ദാരികൻറെ തലയറത്ത് രക്താഭിഷിക്തയായ കാളിക്ക് കോപമടങ്ങിയില്ല. അതുണ്ടാക്കാമായിരുന്ന ഭവിഷ്യത്തുകൾ മനസ്സിലാക്കിയ ശിവൻ അവർക്ക് വഴിയിൽ കിടന്ന് മാർഗ്ഗതടസം സൃഷ്ടിച്ചു. അതിനും കാളിയെ തടയാനായില്ല. പിന്നീട് ശ്രീമുരകനെ കാളിയെ അടക്കിനിർത്താൻ ശിവൻ നിയോഗിച്ചു. മുരുകനും അതിന് കഴിഞ്ഞില്ല. ഒടുവിൽ ഒരിടത്തും പഠിക്കാത്തത് അപ്പോൾ തോന്നിയതുമായ ഒരു വിദ്യ പ്രയോഗിക്കാൻ മുരുകൻ നിശ്ഛയിച്ചു. അതനുസരിച്ച് പ്രകൃതിയിൽ നിന്നും പരിസരങ്ങളിൽ നിന്നും കൈയെത്തിയെടുത്ത പച്ചിലച്ചാറ്, ചെഞ്ചാറ്, മഞ്ഞൾ, കരിക്കട്ടകൾ, വിവിധ വർണ്ണങ്ങളിലുള്ള ചുണ്ണാമ്പു കല്ലുകൾ എന്നിവ ചാലിച്ചെടുത്ത ചായക്കൂട്ടുകളാൽ കമുകിൻ പാളകളിൽ വരച്ചുണ്ടാക്കിയ വൈവിദ്ധ്യമാർന്ന കോലങ്ങൾകൊണ്ട് സ്വന്തശരീരം മറച്ചുപിടിച്ച് രൗദ്രരൂപീണിയായ കാളിയുടെ മുമ്പിൽ തുള്ളുകയുണ്ടായി.(കോലം കെട്ടിയുള്ള ഈ തുള്ളൽ നടത്തിയത് ശിവൻറെ ഭൂതഗണങ്ങളായ നന്ദികേശൻ, രുരു, കുണ്ഡോദൻ എന്നിവരാണെന്നും ഐതിഹ്യമുണ്ട്).ശ്രീമുരുകൻറെ മെയ്യിലെയും ശിരസ്സിലെയും കോലങ്ങൾകണ്ട ഭദ്രകാളി അത്ഭുതം കൂറുകയും ശ്രദ്ധ അതിൽ ഏകാഗ്രമാക്കുകയാൽ ക്രമേണ കലി അടങ്ങുകയും കോപം ആറിത്തണുക്കുകയും ചെയ്തത്രേ.ഇതിനെ അനുസ്മരിചാണ് പടയണിക്കോലങ്ങൾ കെട്ടുന്നത്.എന്നാണ് ഐതിഹ്യം
കേരളം ഭരിച്ചിരുന്ന ചേരപേരുമാൾ ചക്രവർത്തിയുടെ യുദ്ധവിജയങ്ങൾ പ്രഘോഷിക്കുന്നതിനായാണ്‌ ഇത് ആരംഭിച്ചതെന്നും ഐതിഹ്യമുണ്ട്. പടയണിപ്പാട്ടിലെ പല സന്ദർഭങ്ങളിലും ഈ യുദ്ധത്തെപ്പറ്റി പരാമർശങ്ങൾ ഉണ്ട്.

ചരിത്രം

        പ്രാചീനകാലത്തെ ഗണക സമുദായക്കാർ ആചരിച്ചിരുന്ന സമാനമായ ഒരു നൃത്തരൂപത്തിൽ നിന്നാൺ പടയണി ഉത്ഭവിച്ചതെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ലഭ്യമായിട്ടുണ്ട്. പ്രേതബാധയൊഴിപ്പിക്കാനുള്ള രീതിയായിരുന്നു ഈ മതാനുഷ്ഠാനം. പ്രേതബാധയുണ്ടെന്ന് സംശയിക്കുന്ന രോഗിയെ പിണിയാൾ എന്നാൺ വിളിക്കുക. കോലങ്ങൾ ധരിച്ച നർത്തകരുടെ നടുവിൽ പിണിയാളെ ഇരുത്തുന്നു. മന്ത്രോച്ചാരണങ്ങൾക്കിടയിൽ നർത്തകർ കോലം തുള്ളുകയ്യും ചെയ്യും. ഇന്നും കോലം തുള്ളലിൽ ഗണകർ അഗ്രഗണ്യരാണെന്നത് ഈ കലാരൂപം ആദിയിൽ ഗണകരുടെ കോലം തുള്ളരായിരുന്നു എന്നതിനെ തെളിവാണെന്നും മിക്ക പണ്ഡിതന്മാരും കരുതുന്നത്.

ചടങ്ങുകൾ

ഭൈരവി കോലം
          പടയണിക്ക് പലതരത്തിലുള്ള കോലങ്ങളാണ് കെട്ടിത്തുള്ളുന്നു കമുകിൻപാള കലാഭംഗിയോടെ മുറിച്ച് നിയതവും നിശ്ചിതവുമായ ആകൃതിയിൽ ചെത്തിയെടുത്ത് പച്ച ഈർക്കിൽകൊണ്ടു കൂട്ടിയോജിപ്പിച്ച്, ഭംഗിയോടെ മുറിച്ചെടുത്ത കുരുത്തോലയും വർണ്ണക്കടലാസുംകൊണ്ട് അലങ്കരിച്ച് ചെങ്കല്ല്, കരി, മഞ്ഞൾ എന്നിവ കൊണ്ട് ചായക്കൂട്ടുകൾ ഉണ്ടാക്കി ആ നിറക്കൂട്ടുകളാൽ ചിത്രകാരന്മാർ നിയതരൂപങ്ങൾ അവയിൽ എഴുതുന്നു. കോലങ്ങൾ തുള്ളൽ കലാകാരന്മാർ തലയിലേറ്റി ക്ഷേത്രാങ്കണത്തിലേക്ക് എഴുന്നള്ളിക്കുന്നു. കാലൻകോലം, ഭൈരവിക്കോലം എന്നിവയ്ക്ക് അമ്പത്തൊന്നും, നൂറ്റൊന്നും പാളവരെ ഉപയോഗിക്കുന്നു.

കാച്ചിക്കെട്ട്

കുംഭം, മീനം മാസങ്ങളിലാണ് പടയണി നടക്കാറ്. പന്ത്രണ്ട് ദിവസത്തോളം നീണ്ടു നിൽക്കുന്ന പടയണിയുടെ ഒന്നാം ദിവസത്തെ ചടങ്ങ് ചൂട്ടുവെപ്പോടുകൂടി ആരംഭിക്കുന്നു. പടയണി നടക്കുന്നു എന്ന വിവരമറിയിയ്ക്കാൻ നടത്തുന്ന വാദ്യമേളമാണ് കാച്ചിക്കെട്ട്. ചിലയിടങ്ങളിൽ ഇതിനെ തപ്പുമേളം എന്നും പറയും. ചൂട്ടുക്കറ്റയിലാണ് ശ്രീകോവിലിൽ നിന്നും അഗ്നി സ്വരൂപിണിയായ അമ്മയെ ആവാഹിക്കുന്നത്. അങ്ങനെ ആവാഹിച്ചെടുത്ത അഗ്നി യഥാസ്ഥാനം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാൽ ചടങ്ങുകൾ തീരുന്നതുവരെ അണയാതെ എരിഞ്ഞു കൊണ്ടു തന്നെ നിൽക്കണം.

കാപ്പൊലിയും താവടിതുള്ളലും

ഇലകളോട് കൂടിയ ചെറിയ മരച്ചില്ലകൾ വീശിക്കൊണ്ട് ആർത്തുവിളിച്ച് ആണ് കാപ്പൊലി നടത്തുന്നത്.കൈമണികളേന്തിയുള്ള തുള്ളലാണ് താവടിതുള്ളൽ.

കോലംതുള്ളൽ

ആചാരദേവതയുടെ കോലം കരിയും ചെങ്കല്ലും കൊണ്ട് പാളയിൽ വരഞ്ഞുണ്ടാക്കുന്നു.വ്രതാനുഷ്ഠാനത്തിനുമാത്രമായി കാലൻ‌കോലം, ഭൈരവിക്കോലം, ഗണപതിക്കോലം, യക്ഷിക്കോലം എന്നിവയുണ്ട്.

പ്രധാന കോലങ്ങൾ

ഭഗവതി അഥവാ ഭദ്രകാളിയാണ് പ്രധാന കോലം. കാലാരിക്കോലം, പക്ഷിക്കോലം, യക്ഷിക്കോലം, കുതിരക്കോലം എന്നിവയാണ് മറ്റു പ്രധാനപ്പെട്ട കോലങ്ങൾ.

Friday, 9 March 2012

തീയാട്ട്

          കേരളത്തിലെ ഒരു അനുഷ്ഠാനകലയാണ് "തീയാട്ട്". അതിപ്രാചീനമായ ഈ അനുഷ്ഠാനത്തെപ്പറ്റി കേരളോല്‍പ്പത്തിയില്‍ പരാമര്‍ശമുണ്ട്. ദൈവാട്ടം അഥവാ ദൈവമായിട്ടാടല്‍ എന്നത് തെയ്യാട്ട് ആയി എന്നും അതില്‍ നിന്നാണ് തീയാട്ട് എന്ന പദം ഉണ്ടായതെന്നുമാണ് പ്രബലമായ മതം. പന്തം (തീ) ഉഴിച്ചിലിന് പ്രാധാന്യമുള്ളത് ആയതിനാലാണ് തീയാട്ട് എന്ന പേരു വന്നത് എന്നും അഭിപ്രായമുണ്ട്.
             അയ്യപ്പന്‍തീയാട്ട്, ഭദ്രകാളിത്തീയാട്ട് എന്നിങ്ങനെ തീയാട്ട് രണ്ടു വിധമുണ്ട്. ശാസ്താക്ഷേത്രങ്ങളില്‍ തീയാടിനമ്പ്യാര്‍മാര്‍ നടത്തുന്ന അനുഷ്ഠാനമാണ് അയ്യപ്പന്‍തീയാട്ട്. കളമെഴുതി അതിനടുത്തിരുന്ന് 'തീയാടി' പറകൊട്ടിപ്പാടിക്കൊണ്ടാണ് ഇതിനു തുടക്കം കുറിക്കുക. തുടര്‍ന്ന് ഗണികേശ്വരന്റെ വേഷം കെട്ടി പ്രത്യക്ഷപ്പെട്ട് കൂത്ത് നടത്തും. കൂത്ത് കഴിയുന്നതോടെ വെളിച്ചപ്പാട് കളം മായ്ക്കും.
            ഭദ്രകാളിത്തീയാട്ട് ഭദ്രകാളിക്ഷേത്രങ്ങളിലും വീടുകളിലും (നമ്പൂതിരി ഭവനങ്ങള്‍, തീയാട്ടുണ്ണിമാരുടെ വീടുകള്‍) നടത്താറുണ്ട്. തീയാട്ടുണ്ണിമാരാണ് ഇത് അവതരിപ്പിക്കുക. ഭദ്രകാളിക്കളം എഴുതിയശേഷം തീയാട്ടുണ്ണി ഭദ്രകാളിവേഷം ധരിച്ചെത്തും. ദാരികവധ കഥ അഭിനയിച്ചശേഷം കളം മായ്ക്കും. പിന്നീട് കാര്‍മികന്‍ സാധാരണ വേഷത്തില്‍ പൂജാകര്‍മങ്ങള്‍ നടത്തും. പന്തം കൊളുത്തി തേങ്ങാ ഉടച്ച് ബലിയുഴിച്ചില്‍ നടത്തുന്നതോടെയാണ് ചടങ്ങുകള്‍ അവസാനിക്കുക.