Thursday, 29 December 2011

മോഹിനിയാട്ടം

മോഹിനിയാട്ടം കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ്. നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ-ലാവണ്യസമ്പന്നമായ കൈശികീവൃത്തിയിൽ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. ഭാരതി, സാത്വതി, ആരഭടി എന്നിവയാണു മറ്റു മൂന്നു വൃത്തികൾ. രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തിൽ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളത്. ശൃംഗാരരസപ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്രെ. മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ സ്ത്രീനൃത്തകലയായ മോഹിനിയാട്ടം ഈയിടെയായി പുരുഷന്മാരും ആടിക്കാണുന്നുണ്ട്. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ കേരളത്തിലെ പ്രശസ്തയായ മോഹിനിയാട്ട നർത്തകിയാണ്.
ചരിത്രം

ഊഹാപോഹങ്ങളുടേയും ദുരൂഹതകളുടേയും ,വിവാദങ്ങളുടേയും ഉള്ളിൽ ആഴ്‌ന്നിറങ്ങിയിരിക്കുന്ന അവസ്ഥയാണു മോഹിനിയാട്ടത്തിന്റെ ചരിത്രപഠനത്തിനുള്ളത്. ഇന്ത്യയിലെ മറ്റിടങ്ങളിലെന്ന പോലെ, കേരളത്തിലും ദേവദാസി സമ്പ്രദായം നിലനിന്നിരുന്നു എന്നും, അതിന്റെ പിന്തുടർച്ചയായി വന്ന തേവിടിശ്ശിയാട്ടത്തിന്റെ പരിഷ്കൃത രൂപമാണു ഇന്നു കാണുന്ന മോഹിനിയാട്ടം എന്നു വാദിക്കുന്നവരുണ്ട്. എങ്കിലും ഇതിനു ഉപോൽബലകമായ തെളിവുകൾ ചരിത്രരേഖകളിൽ തുലോം കുറവാണ്. "മോഹിനിയാട്ട"ത്തെക്കുറിച്ച് രേഖാമൂലമുള്ള പരാമർശം ആദ്യമായി കാണുന്നതു മഴമംഗലം നാരായണൻ നമ്പൂതിരി കൃസ്ത്വബ്ദം 1709-ൽ എഴുതിയതെന്നു കരുതപ്പെടുന്ന വ്യവഹാരമാലയിലാണ്. പ്രസ്തുത കൃതിയിൽ ഒരു മോഹിനിയാട്ട പ്രദർശനത്തിനു ശേഷം കലാകാരന്മാർ അവർക്കു കിട്ടിയ പ്രതിഫലം പരസ്പരം പങ്കിട്ടെടുക്കുന്നതിന്റെ കണക്കിനെക്കുറിച്ച് വിശദമായി പരാമർശിക്കുന്നുണ്ട്. നാരായണൻ നമ്പൂതിരിക്ക് സമകാലീനനായിരുന്ന കുഞ്ചൻനമ്പ്യാരുടെ തുള്ളൽകൃതിയിലും ഈ നൃത്തരൂപത്തെക്കുറിച്ചു പരാമർശമുണ്ട്. "ഘോഷയാത്ര" എന്ന തുള്ളൽക്കവിതയിൽ ചുറ്റുമുള്ള ഐശ്വര്യസമൃദ്ധിയെ വർണ്ണിക്കുന്നതിനിടയ്ക്ക് അദ്ദേഹം ആ കാലത്തു നാട്ടിൽ നിലവിലുള്ള എല്ലാ കലകളേയും വിവരിക്കുന്നു:

"നാടകനടനം നർമ്മവിനോദം
പാഠക പഠനം പാവക്കൂത്തും
മാടണി മുലമാർ മോഹിനിയാട്ടം
പാടവമേറിന പലപല മേളം"


ചന്ദ്രാംഗദചരിതം തുള്ളലിൽ ചന്ദ്രാംഗദന്റെ വിവാഹാഘോഷ വർണ്ണന ഇപ്രകാരം:


"അല്പന്മാർക്കു രസിക്കാൻ നല്ല ചെ-
റുപ്പക്കാരുടെ മോഹിനിയാട്ടം
ഓട്ടന്തുള്ളൽ വളത്തിച്ചാട്ടം
ചാട്ടം വഷളായുള്ളാണ്ട്യാട്ടം"


പണ്ട് ദേവദാസികള്‍ എത്ര തന്നെ ആരാധ്യരായിരുന്നെങ്കിലും, നമ്പ്യാരുടെ കാലാമായപ്പോഴേയ്ക്കും മോഹിനിയാട്ടം ഒരു നൃത്തരൂപമെന്ന നിലയിൽ വളരെ അധഃപതിച്ചിരുന്നു എന്നു കാണാം.

തെന്നിന്ത്യയിൽ പ്രധാന നാടകശ്ശാലകളിൽ‍ ഒന്നായിരുന്ന തിരുവന്തപുരത്ത് മോഹിനിയാട്ടത്തിനു കാര്യമായ പ്രോത്സാഹനങ്ങൾ ലഭിച്ചു എന്നുവേണം കരുതുവാൻ. തമിഴ്, ഹിന്ദി, കന്നട, സംസ്കൃതം, തെലുങ്ക് എന്നീ ഭാഷകളിലെ കൃതികളും മോഹിനിയാട്ടത്തിനു ഉപയോഗിച്ചു കാണാറുണ്ട്. ഇതിൽ നിന്നു ദക്ഷിണഭാരതത്തിലെ സുപ്രധാന നാടകശ്ശാലകളായിരുന്ന വിജയനഗരം, തഞ്ചാവൂർ എന്നിവിടങ്ങളിലെ കലാകാരന്മാർ കേരളത്തിലുള്ള നാടകശ്ശാലകളുമായി സഹകരിച്ചുപോന്നിരിക്കണം.
സങ്കേതങ്ങൾ
Kerala 06 dance.jpg
  • പ്രണാമം(നമസ്കാരം)
ഏകതാളം, വിളംബരകാലത്തിൽ പതിനാറ് അക്ഷരകാലം, സമപാദത്തിൽനിന്ന് ഇരുകൈകളും മാറിനു നേരെ മലർത്തിപ്പിടിച്ച്, ഇരുപാർശ്വങ്ങളിൽക്കൂടി, ശിരസ്സിനു മേലേ അഞ്ജലി പിടിച്ച് താഴ്ത്തി മാറിനു നേരേ കൊണ്ടുവന്ന്, വലതുകാൽ മുന്നോട്ട് വച്ച്, ഇടതുകാലും സമപാദത്തിൽ കൊണ്ടുവന്ന്, ഉപ്പൂറ്റിചേർത്ത്, പാദം വിരിച്ച് കാൽമുട്ടുകൾ മടക്കി ഉപ്പൂറ്റി ഉയർത്തിയിരുന്ന് അഞ്ജലിയുടെ അഗ്രം ഭൂമിയിൽ തൊടീച്ച്, എഴുന്നേറ്റ്, ഇടതുകാൽ പുറകോട്ടാക്കി സമപാദത്തിൽ നിന്ന് ശിരസ്സ് നമിക്കുക.
  • പാദഭേദങ്ങൾ
  • സോപാനനില (സമനില)
സമപാദം കാലുകൾ ചേർത്ത്, ഉടൽ നിവർത്തി, ഇടതുകൈയുടെ മണിബന്ധം ഇടുപ്പിൽ മടക്കിവയ്‌ക്കുകയും, വലതുകൈ വർദ്ധമാനകമുദ്ര പിടിച്ച്, പെരുവിരൽ ഇടതുകൈയിൽ തൊടീച്ച്, ഉള്ളംകൈ പുറത്ത് കാണത്തക്കവിധം പിടിച്ച്, മുഖം പ്രസന്നമാക്കി സമദൃഷ്ടിയായി നിൽക്കുക.
  • അർധസോപാനനില (അരമണ്ഡലം)
കാലുകൾ ഉപ്പൂറ്റിചേർത്തു വച്ച്, രണ്ടു ഭാഗത്തേക്കും മുട്ടുമടക്കി കൈകൾ ഒന്നാം നിലയിൽ വച്ച് താഴ്ന്നു നിൽക്കുക. മുഖം പ്രസന്നവും സമദൃഷ്ടിയുമായിരിക്കണം.
  • മുഴുസോപാനനില (മുഴുമണ്ഡലം)
കാലുകൾ ഉപ്പൂറ്റിചേർത്തു വച്ച്, രണ്ട് ഭാഗത്തേക്കും മുട്ടുമടക്കി, കൈകൾ അകവും പുറവും മലർത്തി, മുട്ടു മലർത്തി ഇരിക്കുക. മുഖം പ്രസന്നവും സമദൃഷ്ടിയുമായിരിക്കണം.
  • അടവുകൾ
മോഹിനിയാട്ടത്തിൽ മൊത്തം നാൽപ്പതോളം ‘അടവുകൾ’ എന്നറിയപ്പെടുന്ന അടിസ്ഥാന ശരീര ചലനങ്ങൾ ആണ് ഉള്ളത്‌. മുഖ്യമായ അടവുകൾ താഴേ പറയുന്നവയാണ്.
  • തിത്ത-തിത്ത
സമപാദത്തിൽ നിന്ന് കാലുകൾ രണ്ടും മുട്ടുമടക്കി അരയിലമർന്ന് രണ്ട് കൈകളും മുട്ടുമടക്കി ഒരക്ഷരകാലത്തിൽ ഓരോപാദം അമർത്തി നാലു തവണ ചവിട്ടുക.
  • തൈയ്യത്ത
രണ്ടാം സോപാനനിലയിൽ നിന്ന് മെയ്യമർന്ന് രണ്ട് കൈകളും കൊണ്ട് മാറിൽ നിന്ന് ഒരു ചാൺ അകലെ ഹംസാസ്യമുദ്രപിടിച്ച്, വലതുകാൽ വലതുഭാഗത്ത് ഒരടി അകലത്തിൽ ഉപ്പുറ്റികുത്തി പാദം ഉയർത്തി, മുട്ടുകുറച്ചൊന്ന് മടക്കിചവിട്ടി വലതുകൈ അർധചന്ദ്ര മുദ്രപിടിച്ച് പാദത്തോട് അടുപ്പിച്ച് ,മെയ് ആ ഭാഗത്തേക്ക് ചരിച്ച്, മുഖം അല്പം കുനിച്ച് നിൽക്കുക.
  • തത്ത-താധി
വലതുകാൽ ഇടതുപാദത്തിൻറെ പുറകുവശം പാദം കുത്തി ഉപ്പുറ്റി ഉയർത്തി, വലതുകൈ വലതുഭാഗത്ത് അഞ്ജലീമുദ്ര പിടിച്ച് ഇടുപ്പിൽ മലർത്തികുത്തി, വലംഭാഗം ചരിഞ്ഞ് ഇടതുകൈ ഇടതുഭാഗം കമഴ്ത്തി, ശരീരം വലതുഭാഗം താഴ്ത്തി, കണ്ണുകൾ ഇടതുവശം ദൂരെ നോക്കിയശേഷം ഇടതുകാൽ ചവിട്ടി വലതുകാൽ തത്സ്ഥാനത്ത് ചവിട്ടുക. ഇതേ അടവുതന്നെ ഇടതുവശത്ത് ചവിട്ടിയാൽ തകുത-താധി അടവ് വരും.
  • ധിത്തജഗജഗജം
വലതുകാൽ തത്സ്ഥാനത്ത് ഒരുചുവടുവച്ച് വലതുകൈ കമഴ്ത്തി ഇടതുകൈ മലർത്തി തൊടീച്ച് വലതു ഭാഗത്തേക്ക് ഉപ്പുറ്റി ഉയർത്തി നാല് ചുവടുകൾ വച്ച് നിറുത്തുക. നിറുത്തുമ്പോൾ രണ്ട് കൈകളും മലർന്നും കമഴ്ന്നും വരും. ഈ അടവ് തന്നെ ഇരുഭാഗങ്ങളിലേക്കും ചെയ്യാം.
  • ജഗത്താധി-തകധിമി
വലതുകൈ അർധചന്ദ്രമുദ്രയും ഇടതുകൈ ഹംസാസ്യമുദ്രയും പിടിച്ച് വലതുകാൽ വലംഭാഗം ഒരു ചാൺ അകലെ ഉപ്പൂറ്റി അമർത്തി ചവിട്ടി, ഇടതുകാൽ സമംചവിട്ടി വലതുകാലും സമം ചവിട്ടിനിറുത്തുക. കൈകളിലെ മുദ്രകൾ അർധചന്ദ്രവും ഹംസാസ്യവുമായി മാറി മാറി വരണം.
  • ജഗത്തണംതരി
മെയ് അമർത്തി മുട്ടുമടക്കി വലതുകൈ വലംഭാഗം നീട്ടിയമർത്തി വലം വശം നോക്കി, ഇടതുകൈ നെഞ്ചിനുനേരെ അഞ്ജലിമുദ്ര പിടിച്ച് കമഴ്ത്തിവിട്ട് അഞ്ജലിമുദ്രപിടിച്ച് താഴ്ന്ന് ഉയരുക.
  • കുംതരിക
കുഴിഞ്ഞനിലയിൽനിന്നും കൈകൾ മലർത്തിയും കമഴ്ത്തിയും മെയ് ചുഴിഞ്ഞ് വട്ടംചുറ്റി സമനിലയിൽ നിൽക്കുക.
  • താധിൽതരി-ധിന്തരിത
രണ്ട് കൈകളിലും ഹംസാസ്യമുദ്ര മാറിനു നേരെ പിടിച്ച് മൂന്നാം സോപാനനിലയിൽ ഇരുന്ന് ഇടതുകാൽ പുറകോട്ട് നിർത്തിക്കുത്തുകയും, വലതുകാൽ മുട്ടുമടക്കി നിൽക്കുകയും, വലതുകൈ ഹംസാസ്യ മുദ്ര പിടിച്ച് വലതു ഭാഗത്ത് മുകളിലേക്ക് നീട്ടുകയും, ഇടതുകൈ ഹംസാസ്യ മുദ്ര പിടിച്ച് ഇടതുകാലിൻറെ ഒപ്പം നീട്ടുകയും, വലതുകൈയ്യിൽ നോക്കുകയും ചെയ്യണം. ഇപ്രകാരം രണ്ടുഭാഗത്തേക്കും ചെയ്യണം.
  • താംകിടധിംത
രണ്ടാം സോപാന നിലയിൽ നിന്ന് ഇടതുകൈ തത്ഭാഗത്ത് ദോളമായിനീട്ടി, വലതുകൈ ഹംസാസ്യമുദ്ര പിടിച്ച്, വലതുകാൽ ഉയർത്തി തത്സ്ഥാനത്ത് ചവുട്ടി വലതുകൈ മാറിൽ നിന്ന് വലതുഭാഗത്തേക്ക് വീശി രണ്ട് കാലുകളും സമത്തിൽ പാദം ചവുട്ടി ഉപ്പുറ്റി ഉയർത്തി നിൽക്കുക. രണ്ടുകൈകളും മാറിനു നേരെ അർധചന്ദ്രമുദ്ര പിടിച്ച് നിൽക്കുക.
  • തക്കിട്ട
വലതുകാൽ പുറകിലേക്ക് ഉപ്പുറ്റി ഉയർത്തിചവിട്ടി ഇടതുകാൽ സമം ചവിട്ടി നിറുത്തുക. ഇത് രണ്ടു ഭാഗത്തേക്കും ചെയ്യാം.
  • തക്കിടകിടതകി
വലതുകാൽ മുന്ഭാഗം ഉപ്പുറ്റിക്കുത്തിവച്ച് പിന്നാക്കം ചവിട്ടി, വലതുകൈ അർധചന്ദ്ര മുദ്ര പിടിച്ച്, ഇടതുകാലും വലതുകാലും ഓരോന്ന് ചവിട്ടുക. വലതുകൈ അർധചന്ദ്ര മുദ്ര പിടിച്ച് തിരിച്ചുകൊണ്ട് വന്ന് ഇടതുകൈ സൂചിമുഖ മുദ്ര പിടിച്ച് നിറുത്തുക.
  • ധിത്തി തൈ
രണ്ട് കൈകളും അഞ്ജലീമുദ്രപിടിച്ച് വലതുകാൽ മുന്നാക്കം ഉപ്പൂറ്റികുത്തി ഇടതു കാലും വലതു കാലും സമംചവിട്ടുക.
  • തൈ തിത്തി തൈ
വലതുകാൽ സമത്തിൽ ഒന്ന് ചവുട്ടിയിട്ട് മുന്ഭാഗത്ത് ഉപ്പുറ്റി കുത്തി ഇടതും വലതും പാദങ്ങൾ സമമായി ചവിട്ടുക. വലതുഭാഗത്ത് ചവിട്ടുമ്പോൾ വലതുകൈ മലർത്തി മുകളിലേക്ക് കൊണ്ടുവയ്ക്കണം.
  • തൈ തൈ തിത്തി തൈ
രണ്ട് കാലുകളും മുട്ടുമടക്കി, രണ്ട് ഭാഗത്തും ഓരോന്ന് ചവുട്ടി, വലതുകാൽ മുന്നാക്കം ഉപ്പുറ്റി ചവുട്ടി, ഇടതുകാൽ ഇടതു ഭാഗത്ത് ഒന്നും വലതുകാൽ വലത്ത് ഒന്നും ചവുട്ടുക.
  • തളാംഗു ധൃകുത തകത ധിംകിണ തോം
മുട്ടുമടക്കിയ കാലുകൾ, വലതുകാൽ ഇടതുകാലിൻറെ പുറകുവശം പാദം ഊണി ഹംസാസ്യമുദ്ര പിടിച്ച്, ഇടതുകൈ ഉയർത്തി, അർധചന്ദ്രമുദ്ര പിടിച്ച്, ഇടതുകാൽ തത്സ്ഥനത്ത് ഒന്ന് ചവിട്ടി, വലതുകാൽ വലംഭാഗം മുന്നാക്കം ഉപ്പുറ്റി കുത്തി, ഇടതുകാൽ തത്സ്ഥാനത്ത് ഒന്ന് ചവിട്ടി, വലതുകാൽ തിരിച്ചു കൊണ്ട് വന്ന് രണ്ടുകാലും സമം ചവിട്ടി നിറുത്തുക.
  • താം കിടധിത്തി തരികിട ധിതക-തൊംഗു ത്ളാംഗു തധിം കിണ
വലതുകാൽ വലംഭാഗത്ത് ഒരടി അകലം ഉപ്പുറ്റികുത്തി, കൈ അർധചന്ദ്രമുദ്ര പിടിച്ച് നീട്ടി ഇടതുകാൽ തത്സ്ഥാനത്ത് നിർത്തി ഒന്ന് ചവിട്ടി, വലതുകാൽ ഇടതുകാലിൻറെ പുറകുവശം പാദം ഊണിചവിട്ടി, കൈ ഹംസാസ്യമാക്കി, തിരിച്ചു കൊണ്ടുവന്ന് വലംഭാഗം രണ്ട് ചുവട് ചവിട്ടി, വീണ്ടും ഇടതുകാൽ തത്സ്ഥാനത്ത് ഒരു ചുവട് വച്ച് വലതുകാൽ ഒരടി അകലം വലംഭാഗത്ത് ചവിട്ടിനിറുത്തുക. കൈ അർധചന്ദ്രമായിരിക്കണം. ഇടതുകൈ ദേളമായി ഇടതുഭാഗത്ത് നിറുത്തുക.
  • തകുംതരി
വലത് പാദം വലം ഭാഗത്ത് മുമ്പിൽ ഉപ്പുറ്റികുത്തി, വലത് കൈ ഹംസാസ്യം പിടിച്ച്, ഇടത് കാൽ സമത്തിൽ ഒന്നു ചവിട്ടി വലതുകാൽ പുറകുവശം ഒന്നുകൂടി ചവിട്ടുക. കൈകൾ രണ്ടും അർധചന്ദ്രമാകണം.

അവതരണശൈലി

ലാസ്യ പ്രധാനമായ ഈ ദൃശ്യകലയിൽ നൃത്യശില്പങ്ങൾ പൊതുവേ ശൃംഗാരരസ പ്രധാനങ്ങളാൺ. ചൊൽക്കെട്ട്, ജതിസ്വരം, പദം, പദവർണം, തില്ലാന എന്നിവയാണ് ഇന്നു പ്രചാരത്തിലുള്ള മോഹിനിയാട്ടം ഇനങ്ങൾ. ‘ചൊൽക്കെട്ട്‘ എന്ന നൃത്തം നൃത്യമൂർത്തികളായ ശിവപാർവതിമാരെ സ്‌തുതിച്ച് കൊണ്ട് തുടങ്ങുന്നു. ചൊല്ലുകളുടെ സമാഹാരങ്ങളും പദസാഹിത്യവും ചേർന്ന് ലാസ്യ പ്രധാനമാണ് ചൊൽക്കെട്ട്. മോഹിനിയാട്ടത്തിൽ മാത്രം കാണാവുന്ന രൂപമാണ് ചൊൽക്കെട്ട്.
അടവുകൾക്ക് യോജിച്ച ഭാവം കൊടുക്കുകയും കൈ, മെയ്, കാലുകൾ, കണ്ണുകള്‍, ശിരസ്സ് തുടങ്ങിയ അംഗോപാംഗങ്ങൾ ഭംഗിയോടെ ചലിപ്പിക്കുകയും വേണം. ഓരോ അടവുകളും തീരുമാനങ്ങളും കഴിഞ്ഞാൽ ‘ചാരി’ എടുക്കേണ്ടതാണ്. പുറകോട്ട് പാദം ഊന്നിപോകുന്ന ചാരി മോഹിനിയാട്ടത്തിൻറെ പ്രത്യേകതയാണ്.

വേഷവിധാനം

വേഷവിധാനത്തിൽ സമീപകാലത്ത് ചില പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ട്. ഒമ്പതുമുഴം കസവുസാരി ഞൊറിവച്ച് അരയിൽ ഒഡ്യാണം കെട്ടി, കസവുകര വച്ച ബ്ലൗസ്സ് ധരിക്കുന്നു. തലമുടി ഇടതുഭാഗം വച്ച് വട്ടക്കെട്ട് കെട്ടി പൂമാലകൊണ്ട് അലങ്കരിക്കുകയും നെറ്റിചുട്ടി, കാതിൽതോട(തക്ക), കഴുത്തിൽ കാശുമാല, പൂത്താലിമാല എന്നിവയും അണിയുന്നു. മുഖം ചായം തേച്ചാണ് നർത്തകി രംഗത്ത് വരുന്നത്. ഇത്തരം വേഷഭൂഷാദികൊണ്ടും ലാസ്യപ്രധാനമായ ശൈലികൊണ്ടും ഈ കല ആസ്വാദകരുടെ ശ്രദ്ധ ആകർഷിക്കുന്നു.

വാദ്യങ്ങൾ

കുറെക്കാലം മുമ്പ് വരെ സോപാനരീതിയിലുള്ള വായ്‌പ്പാട്ടും, തൊപ്പിമദ്ദളം, തിത്തി, തുടങ്ങിയ വാദ്യങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. കേരളീയതാളങ്ങളാണ് മോഹിനിയാട്ടത്തിൻ പശ്ചാത്തലം ഒരുക്കിയിരുന്നത്. എന്നാൽ ഇന്ന് കർണാടക സംഗീതവും, മൃദംഗം, വയലിൻ‍, കൈമണി തുടങ്ങിയ വാദ്യങ്ങളാണ് ഉപയോഗിച്ചുവരുന്നത്.

No comments:

Post a Comment