Saturday, 6 August 2011

മലയാള നോവല്‍ സാഹിത്യം

      19-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ നടപ്പായ ഗദ്യഭാഷാക്രമത്തിന്റെയും കൊളോണിയല്‍ വിദ്യാഭ്യാസത്തിന്റെയും പത്രമാസികകളുടെ ആവിര്‍ഭാവത്തിന്റെയും ഫലമായ പുതിയ ആശയാന്തരീക്ഷത്തിലാണ്‌ നോവല്‍ എന്ന സാഹിത്യരൂപം മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടത്‌. നോവലിന്റെ പ്രാഗ്‌ രൂപങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന കഥാഖ്യാനകൃതികളില്‍ നിന്നാണ്‌ 'ഇന്ദുലേഖ' (1889) എന്ന യഥാര്‍ത്ഥ നോവലില്‍ മലയാളം എത്തിച്ചേര്‍ന്നത്‌. 1847 - 1887 കാലഘട്ടത്തില്‍ പന്ത്രണ്ട്‌ കഥാഖ്യാന കൃതികള്‍ മലയാളത്തിലുണ്ടായി. ആര്‍ച്ച്‌ ഡീക്കന്‍ കോശിയുടെ 'പരദേശി മോക്ഷയാത്ര' (1847) ജോണ്‍ ബന്യന്റെ ഇംഗ്ലീഷ്‌ കൃതിയായ 'പില്‍ഗ്രിംസ്‌ പ്രോഗ്രസി'ന്റെ വിവര്‍ത്തനമായിരുന്നു. ഇതേ കൃതിക്ക്‌ റവ. സി. മുള്ളര്‍ നടത്തിയ വിവര്‍ത്തനമായ 'സഞ്ചാരിയുടെ പ്രയാണം', കാളിദാസന്റെ ശാകുന്തളത്തിന്‌ തിരുവിതാംകൂര്‍ മഹാരാജാവ്‌ ആയില്യം തിരുനാള്‍ രാമവര്‍മ നല്‍കിയ ഗദ്യപരിഭാഷയായ 'ഭാഷാശാകുന്തളം', ഒരു അറബിക്കഥയെ ആധാരമാക്കി ആയില്യം തിരുനാള്‍ രചിച്ച 'മീനകേതനന്‍', ജോണ്‍ ബന്യന്റെ 'ഹോളിവാറി'ന്‌ ആര്‍ച്ച്‌ ഡീക്കന്‍ കോശിയുടെ വിവര്‍ത്തനമായ 'തിരുപ്പോരാട്ടം' (1865), ഷെയ്‌ക്‌സ്‌പിയറുടെ 'കോമഡി ഓഫ്‌ എറേഴ്‌സ്‌' എന്ന നാടകത്തിന്‌ കല്ലൂര്‍ ഉമ്മന്‍ പീലിപ്പോസ്‌ നല്‍കിയ ഗദ്യരൂപാന്തരമായ 'ആള്‍മാറാട്ടം' (1866), മിസ്സിസ്‌ കോളിന്‍സ്‌ എന്ന ബ്രിട്ടീഷുകാരി ഇംഗ്ലീഷില്‍ എഴുതിയ 'സ്ലേയേഴ്‌സ്‌ സ്‌ലെയിന്‍' എന്ന കൃതിയുടെ മലയാള പരിഭാഷയായ 'ഘാതകവധം' (1872), ആര്‍ച്ച്‌ ഡീക്കന്‍ കോശിയുടെ സ്വതന്ത്രഗദ്യകൃതിയായ 'പുല്ലേലിക്കുഞ്ചു' (1882), ചാള്‍സ്‌ ലാംബിന്റെ ഷെയ്‌ക്‌സ്‌പിയര്‍ കഥകളെ ആധാരമാക്കി കെ. ചിദംബരവാധ്യാര്‍ രചിച്ച 'കാമാക്ഷീചരിതം', 'വര്‍ഷകാലകഥ', ഹന്ന കാതറിന്‍ മ്യൂലിന്‍സിന്റെ 'ഫൂല്‍മണി ആന്റ്‌ കരുണ'യുടെ പരിഭാഷ, അപ്പു നെടുങ്ങാടിയുടെ 'കുന്ദലത' (1887) എന്നിവയാണ്‌ ഈ കാലയളവില്‍ ഉണ്ടായ കൃതികള്‍. എന്നാല്‍ ഇവയൊന്നും നോവല്‍ എന്ന ഗണനാമത്തിനു യോഗ്യമായിരുന്നില്ല. 
    ഒ. ചന്തുമേനോന്റെ 'ഇന്ദുലേഖ' (1889)യോടെയാണ്‌ മലയാള നോവല്‍ ജനിച്ചത്‌. 'ഇന്ദുലേഖ'യ്‌ക്കു ശേഷമെഴുതിയ 'ശാരദ' പൂര്‍ത്തിയാകുംമുമ്പേ ചന്തുമേനോന്‍ അന്തരിച്ചു. 1891-ല്‍ സി. വി. രാമന്‍ പിള്ളയുടെ 'മാര്‍ത്താണ്ഡവര്‍മ' കൂടി പ്രസിദ്ധീകരിച്ചതോടെ മലയാള നോവല്‍ സാഹിത്യത്തിന്‌ ബലിഷ്‌ഠമായ അടിത്തറ ഒരുങ്ങി. പടിഞ്ഞാറേക്കോവിലകത്ത്‌ അമ്മാമന്‍ രാജായുടെ 'ഇന്ദുമതീസ്വയംവരം' (1890), സി. ചാത്തുനായരുടെ 'മീനാക്ഷി' (1890), പോത്തേരി തൊമ്മന്‍ അപ്പോത്തിക്കിരിയുടെ 'പരിഷ്‌കാരപ്പാതി' (1892), കിഴക്കേപ്പാട്ട്‌ രാമന്‍ മേനോന്റെ 'പറങ്ങോടി പരിണയം' (1892), കോമാട്ടില്‍ പാഡുമേനോന്റെ 'ലക്ഷ്‌മീ കേശവം', സി. അന്തപ്പായിയുടെ 'നാലുപേരിലൊരുത്തന്‍ ' (1893). കേരള വര്‍മ വലിയ കോയിത്തമ്പുരാന്റെ 'അക്‌ബര്‍ ' (1894), ജോസഫ്‌ മൂളിയിലിന്റെ 'സുകുമാരി' (1897) എന്നിവയാണ്‌ 19-ാം നൂറ്റാണ്ടിലുണ്ടായ മറ്റു നോവലുകള്‍ .

Friday, 5 August 2011

കേരളീയകലകള്‍


     കേരളീയ രംഗകലകളെ മതപരം, വിനോദം, സാമൂഹികം, കായികം എന്നിങ്ങനെ വേര്‍തിരിക്കാം. മതപരമായ കലകളില്‍ ക്ഷേത്രകലകളും അനുഷ്‌ഠാനകലകളും ഉള്‍പ്പെടും. കൂത്ത്‌, കൂടിയാട്ടം, കഥകളി, തുള്ളല്‍, തിടമ്പു നൃത്തം, അയ്യപ്പന്‍ കൂത്ത്‌, അര്‍ജ്ജുന നൃത്തം, ആണ്ടിയാട്ടം, പാഠകം, കൃഷ്‌ണനാട്ടം, കാവടിയാട്ടം തുടങ്ങിയ ഒട്ടേറെ ക്ഷേത്രകലകളുണ്ട്‌. ലാസ്യ നൃത്തമായ മോഹിനിയാട്ടവും ഇതില്‍പ്പെടും. തെയ്യം, തിറ, പൂരക്കളി, തീയാട്ട്‌, മുടിയേറ്റ്‌, കാളിയൂട്ട്‌, പറണേറ്റ്‌, തൂക്കം, പടയണി (പടേനി), കളം പാട്ട്‌, കെന്ത്രോന്‍ പാട്ട്‌, ഗന്ധര്‍വന്‍ തുള്ളല്‍, ബലിക്കള, സര്‍പ്പപ്പാട്ട്‌, മലയന്‍ കെട്ട്‌ എന്നിങ്ങനെ ഒട്ടേറെ കലാരൂപങ്ങളുണ്ട്‌ അനുഷ്‌ഠാനകലകളായി. അവയുമായി ബന്ധപ്പെട്ട അനുഷ്‌ഠാനകലാസാഹിത്യവുമുണ്ട്‌.

       യാത്രക്കളി, ഏഴാമുത്തിക്കളി, മാര്‍ഗം കളി, ഒപ്പന തുടങ്ങിയവ സാമൂഹിക കലകളും ഓണത്തല്ല്‌, പരിചമുട്ടുകളി, കളരിപ്പയറ്റ്‌ തുടങ്ങിയവ കായിക കലകളുമാണ്‌. കാക്കാരിശ്ശി നാടകം, പൊറാട്ടു കളി, തോല്‍പ്പാവക്കൂത്ത്‌, ഞാണിന്‍മേല്‍കളി തുടങ്ങിയവ വിനോദലക്ഷ്യം മാത്രമുള്ള കലകളുമാണ്‌. ഇവയ്‌ക്കു പുറമേയാണ്‌ ആധുനിക നാടക വേദിയും ചലച്ചിത്രവും കഥാപ്രസംഗവും ഗാനമേളയും മിമിക്രിയും ഉള്‍പ്പെടെയുള്ള ജനപ്രിയകലകളും.

      അനുഷ്‌ഠാനകലകളില്‍പ്പെടുന്ന പലതും നാടോടി നാടകങ്ങളാണ്‌. അനുഷ്‌ഠാനസ്വഭാവമില്ലാത്ത വിനോദ പ്രധാനമായ നാടോടി നാടകങ്ങളുമുണ്ട്‌. കുറത്തിയാട്ടം, പൊറാട്ടു നാടകം, കാക്കാരിശ്ശി നാടകം, പൊറാട്ടിന്റെ വകഭേദമെന്നു പറയാവുന്ന പാങ്കളി, ആര്യമ്മാല തുടങ്ങിയവ അനുഷ്‌ഠാനാംശമില്ലാത്ത നാടോടി നാടകങ്ങളാണ്‌. മുടിയേറ്റ്‌, കാളിയൂട്ട്‌, നിണബലി, പടയണി, കാളിത്തീയാട്ട്‌, അയ്യപ്പന്‍കൂത്ത്‌, തെയ്യം തുടങ്ങിയവയെല്ലാം അനുഷ്‌ഠാനാംശമുള്ള നാടോടി നാടകങ്ങളാണെന്നു പറയാം. കോതാമൂരിയാട്ടം അനുഷ്‌ഠാനാംശം കുറഞ്ഞ നാടകമാണ്‌.
   വടക്കന്‍ കേരളത്തിലെ ഗിരിവര്‍ഗ്ഗക്കാര്‍ക്കിടയിലുള്ള സീതക്കളി, പത്തനംതിട്ടയിലെ മലവേടരുടെ പൊറമാടി, വയനാട്ടിലെ ആദിവാസികള്‍ക്കിടയിലുള്ള മാന്ത്രിക കര്‍മ്മങ്ങളായ ഗദ്ദിക, കുള്ളിയാട്ട്‌, വെള്ളാട്ട്‌ എന്നിവയും ഒരുതരം നാടോടി നാടകങ്ങളാണ്‌. കണ്യാര്‍കളി, പൂതം കളി, കുമ്മാട്ടി, ഐവര്‍നാടകം, കുതിരക്കളി, വണ്ണാന്‍കൂത്ത്‌, മലയിക്കൂത്ത്‌ തുടങ്ങിയവയും ഈ ഗണത്തില്‍ വരും.

Wednesday, 3 August 2011

കേരളം-പ്രകൃതിയുടെ വരദാനം


     ദൈവത്തിന്റെ സ്വന്തം നാട്‌ (God's Own Country) എന്ന പരസ്യവാക്യം കേരളത്തെ സംബന്ധിച്ച്‌ അതിശയോക്തിയല്ല. ഉഷ്‌ണമേഖലാ കാലാവസ്ഥയും സമൃദ്ധമായ മഴക്കാലങ്ങളും സുന്ദരമായ ഭൂപ്രകൃതിയും ജലസമ്പത്തും വനങ്ങളും നീണ്ട കടല്‍ത്തീരവും നാല്‌പതിലധികം നദികളും കേരളത്തെ അനുഗ്രഹിക്കുന്നു. ഉത്തര അക്ഷാംശം 8 ഡിഗ്രി 17' 30" നും 12 ഡിഗ്രി 47' 40" നും ഇടയ്‌ക്കും പൂര്‍വ്വരേഖാംശം 74 ഡിഗ്രി 7' 47" നും 77 ഡിഗ്രി 37' 12" നും ഇടയ്‌ക്കുമാണ്‌ ഭൂമിശാസ്‌ത്രപരമായി കേരളത്തിന്റെ സ്ഥാനം. സഹ്യാദ്രിക്കും അറബിക്കടലിനുമിടയില്‍ ഹരിതാഭമായ ഒരു അരഞ്ഞാണം പോലെ കിടക്കുന്ന ഈ ഭൂപ്രദേശത്തിന്റെ ഉത്‌പത്തിയെപ്പറ്റിയുള്ള പ്രഖ്യാതമായ പുരാവൃത്തമാണ്‌ പരശുരാമ കഥ. മഹാവിഷ്‌ണുവിന്റെ ദശാവതാരങ്ങളിലൊരാളായ പരശുരാമന്‍ മഴു എറിഞ്ഞ്‌ കടലില്‍ നിന്ന്‌ ഉയര്‍ത്തിയെടുത്ത പ്രദേശമാണ്‌ കേരളമെന്നാണ്‌ ഐതിഹ്യം.


      ഭൂപ്രകൃതിയനുസരിച്ച്‌ കേരളത്തെ പലതായി വിഭജിക്കാറുണ്ട്‌. മലനാട്‌, ഇടനാട്‌, തീരപ്രദേശം എന്ന സാമാന്യ വിഭജനത്തിനാണു കൂടുതല്‍ പ്രചാരം. കുറേക്കൂടി സൂക്ഷ്‌മമായി കിഴക്കന്‍ മലനാട്‌ (Eastern Highland), അടിവാരം (Foot Hill Zone), ഉയര്‍ന്ന കുന്നിന്‍ പ്രദേശങ്ങള്‍ (Hilly Uplands), പാലക്കാട്‌ ചുരം, തൃശ്ശൂര്‍ - കാഞ്ഞങ്ങാട്‌ സമതലം, എറണാകുളം - തിരുവനന്തപുരം റോളിങ്ങ്‌ സമതലം, പടിഞ്ഞാറന്‍ തീരസമതലം എന്നീ പ്രകൃതി മേഖലകളായും വിഭജിക്കാറുണ്ട്‌. സഹ്യാദ്രിയോടു ചേര്‍ന്ന്‌ തെക്കു വടക്കായി നീണ്ടു കിടക്കുന്നതാണ്‌ മലനാട്‌ അഥവാ കിഴക്കന്‍ മലനാട്‌. വന്യമൃഗങ്ങള്‍ നിറഞ്ഞ കാടുകളാണ്‌ ഈ മേഖലയില്‍ ഏറിയപങ്കും. ഉഷ്‌ണ മേഖലാ നിത്യഹരിത വനങ്ങളും ചോലവനങ്ങളും ഇവിടെയുണ്ട്‌. കേരളത്തിലെ പ്രധാന നദികളെല്ലാം ഉദ്‌ഭവിക്കുന്നതും മലനാട്ടില്‍ നിന്നു തന്നെ. പാലക്കാട്‌ ജില്ലയിലെ മണ്ണാര്‍ക്കാടിനടുത്തുള്ള സൈലന്റ്‌ വാലിയാണ്‌ ഏറ്റവും പ്രശസ്‌തമായ നിത്യഹരിത വനം. സൈലന്റ്‌ വാലിയും ഇരവികുളവും ദേശീയോദ്യാനങ്ങളാണ്‌. ആനമുടി (2695 മീ.)യാണ്‌ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടി. അഗസ്‌ത്യകൂടം (1869 മീ.) തെക്കേയറ്റത്തെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയും. സഹ്യാദ്രിക്കു സമാന്തരമാണ്‌ തെക്കു വടക്കു നീളത്തിലുള്ള പടിഞ്ഞാറന്‍ തീരസമതലം. മലനാടിനും തീരസമതലത്തിനും ഇടയ്‌ക്കാണ്‌ ഇടനാട്‌. കുന്നുകളും സമതലങ്ങളും അടങ്ങിയ ഭൂപ്രകൃതിയാണിവിടെ.


      പടിഞ്ഞാറ്‌ അറബിക്കടലിലേക്കോ കായലുകളിലേക്കോ ഒഴുകുന്ന 41 നദികള്‍, കിഴക്കോട്ടൊഴുകുന്ന മൂന്നു നദികള്‍, കായലുകള്‍, തോടുകള്‍ തുടങ്ങിയവ കേരളത്തെ ജലസമ്പന്നമാക്കുന്നു.

Tuesday, 2 August 2011

മലയാളസാഹിത്യം-പരിണാമത്തിന്റെ നാള്‍വഴികള്‍ ....

     എട്ടു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്‌ മലയാള സാഹിത്യത്തിന്‌. എന്നാല്‍ അതിന്റെ പ്രാരംഭദശ വ്യക്തമാക്കുന്ന കൃതികള്‍ ലഭിച്ചിട്ടില്ലാത്തതു കൊണ്ട്‌ ആ ഉദയകാലത്തിന്റെ ചിത്രം അവ്യക്തമാണ്‌. നാടന്‍ പാട്ടുകളും മറ്റും അക്കാലത്ത്‌ ഉണ്ടായിരുന്നിരിക്കുമെന്ന്‌ ഊഹിക്കാനേ നിര്‍വാഹമുള്ളൂ. എ.ഡി.10-ാം നൂറ്റാണ്ടിനു മുമ്പുള്ള കൃതികളൊന്നും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. അതിനു ശേഷമുള്ള പല കൃതികളുടെയും കാലത്തെ സംബന്ധിച്ചും പണ്ഡിതര്‍ക്കിടയില്‍ ഏകാഭിപ്രായമില്ല. കേരളത്തിന്റെ സാഹിത്യം എന്നതുകൊണ്ട്‌ പൊതുവേ അര്‍ത്ഥമാക്കുന്നത്‌ മലയാള സാഹിത്യത്തെയാണെങ്കിലും തമിഴിലും സംസ്‌കൃതത്തിലും കേരളീയരുടെ സാഹിത്യസംഭാവനകള്‍ പ്രാചീനകാലത്തു തന്നെ ഉണ്ടായിട്ടുണ്ട്‌. പില്‍ക്കാലത്ത്‌ ഇവയ്‌ക്കു പുറമേ ഇംഗ്ലീഷ്‌, കന്നഡ, തുളു, കൊങ്കണി, ഹിന്ദി ഭാഷകളില്‍ കേരളീയര്‍ സാഹിത്യരചന നടത്തിയിട്ടുണ്ട്‌.
     19-ാം നൂറ്റാണ്ടിന്റെ അന്ത്യപാദം വരെയുള്ള മലയാള സാഹിത്യത്തിന്റെ ചരിത്രം ഏറെക്കുറെ കവിതയുടെ ചരിത്രമാണ്‌. സാഹിത്യത്തിന്റെ ആരംഭം കുറിക്കുന്ന ആദിമഗാനങ്ങളുടെ ചരിത്രം 13-ാം നൂറ്റാണ്ടിലേതെന്നു കരുതുന്ന 'രാമചരിത'ത്തില്‍ നിന്നു തുടങ്ങുന്നു. മലയാളത്തിലെ ആദ്യകാവ്യമായി കണക്കാക്കുന്നത്‌ 'രാമചരിത'ത്തെയാണെങ്കിലും കേളത്തിന്റെ സാഹിത്യപാരമ്പര്യത്തിന്‌ അതിനെക്കാള്‍ പഴക്കമുണ്ട്‌. പ്രാചീനകാലത്ത്‌ തമിഴകത്തിന്റെ ഭാഗമായാണ്‌ കേരളത്തെയും പരിഗണിച്ചു പോന്നത്‌. ദക്ഷിണേന്ത്യയില്‍ ആദ്യമായി സാഹിത്യം ആവിര്‍ഭവിച്ചത്‌ തമിഴകത്തെ ഭാഷയിലാണ്‌. സംഘം കൃതികള്‍ എന്ന പേരിലാണ്‌ തമിഴിലെ ആദ്യകാല സാഹിത്യം അറിയപ്പെടുന്നത്‌. സംഘകാലം എന്ന പേരുണ്ടായതും ഇവയുടെ രചനയും സമാഹരണവുമായി ബന്ധപ്പെട്ടതാണ്‌. ഉജ്ജ്വലങ്ങളായ ആ സാഹിത്യ സൃഷ്ടികള്‍ക്ക്‌ പ്രാചീന കേരളത്തിലെ ചേരസാമ്രാജ്യവുമായി ബന്ധമുണ്ട്‌. സംഘകാല സാഹിത്യകൃതിയായ "പതിറ്റുപ്പത്തിലെ ഓരോ പത്തും ഓരോ ചേരരാജാവിനെക്കുറിച്ചുള്ള പ്രശസ്‌തിയാണ്‌. "ചിലപ്പതികാരം" എന്ന മഹാകാവ്യത്തിന്റെ കര്‍ത്താവായ ഇളങ്കോ അടികള്‍ ചേരദേശീയനാണെന്നതിനു പുറമേ മൂന്നു ഖണ്ഡങ്ങളുള്ള ആ കൃതിയിലെ ഒരു ഖണ്ഡമായ "വഞ്ചിക്കാണ്ഡം" ചേരനാട്ടില്‍ വച്ചു നടക്കുന്ന സംഭവങ്ങളാണെന്നും ഓര്‍ക്കേണ്ടതുണ്ട്‌. സംഘകാലസാഹിത്യത്തിലെ കവികളില്‍ പലരുണ്ട്‌ കേരളീയരായിട്ട്‌"

മലയാള ഭാഷ-ജനനവും വളര്‍ച്ചയും

     ദ്രാവിഡ ഭാഷാകുടുംബത്തില്‍പ്പെടുന്ന മലയാളമാണ്‌ കേരളീയരുടെ മാതൃഭാഷ. മലയാള ഭാഷോത്‌പത്തിയെപ്പറ്റി ഒട്ടേറെ സിദ്ധാന്തങ്ങളുണ്ട്‌. ഒരു ആദി ദ്രാവിഡഭാഷയില്‍ നിന്നു ഭൂമി ശാസ്‌ത്രപരമായ കാരണങ്ങളാല്‍ സ്വതന്ത്രമായി വികസിച്ചതാണ്‌ മലയാളമെന്നും അതല്ല തമിഴില്‍ നി്‌ന്നു വേര്‍തിരിഞ്ഞു രൂപപ്പെട്ടതാണ്‌ എന്നതുമാണ്‌ പ്രബലമായ രണ്ടു വാദങ്ങള്‍ . ഭാഷാപരമായ പരിണാമത്തിന്റെ ഫലമായാണ്‌ മലയാളം രൂപപ്പെട്ടതെന്ന്‌ എല്ലാവരും സമ്മതിക്കുന്നു. തമിഴ്‌, സംസ്‌കൃതം എന്നിവയുമായി മലയാളത്തിന്‌ ഗാഢമായ ബന്ധമുണ്ട്‌. വാമൊഴിക്ക്‌ നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും 13-ാം നൂറ്റാണ്ടു മുതലാണ്‌ സാഹിത്യ ഭാഷയെന്ന നിലയില്‍ മലയാളം വളര്‍ച്ച നേടിയത്‌. ഈ കാലയളവിലുണ്ടായ രാമചരിതമാണ്‌ മലയാളത്തിലെ ആദ്യത്തെ കാവ്യം.

      ചെമ്പു തകിടുകള്‍ , കല്ല്‌, താളിയോല എന്നിവയിലാണ്‌ മലയാള ഗദ്യം ആദ്യമായി രേഖപ്പെടുത്തിയത്‌. വ്യക്തികള്‍ക്കും ക്ഷേത്രങ്ങള്‍ക്കും മറ്റും സ്വത്തും പണവും ദാനം നല്‍കുന്നതും ഭരണകാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്നതുമൊക്കെയാണ്‌ അവയില്‍ രേഖപ്പെടുത്തിയിരുന്നത്‌. ഒമ്പതാം നൂറ്റാണ്ടു മുതലുള്ള ഇത്തരം താമ്ര, ശിലാ ശാസനങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. ഇന്നത്തെ ഗദ്യവുമായി വിദൂരബന്ധമേ ശാസനങ്ങളിലെ ഗദ്യത്തിനുള്ളൂ. ലഭിച്ചിട്ടുള്ള ഗദ്യഗ്രന്ഥങ്ങളില്‍ ഏറ്റവും പഴക്കമുള്ളത്‌ 'കൗടലീയ'ത്തിനാണ്‌. ചാണക്യ (കൗടല്യന്‍ ) ന്റെ 'അര്‍ത്ഥശാസ്‌ത്ര'ത്തിന്റെ മലയാള വ്യാഖ്യാനമാണ്‌ 'ഭാഷാ കൗടലീയം' എന്നറിയപ്പെടുന്ന ഈ കൃതി. 11-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധമോ 12-ാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധമോ ആവാം ഇതിന്റെ കാലമെന്നു കരുതുന്നു.

      ഒമ്പതാം നൂറ്റാണ്ടു മുതല്‍ വട്ടെഴുത്ത്‌ ലിപിയാണ്‌ മലയാളം എഴുതാന്‍ ഉപയോഗിച്ചിരുന്നത്‌. ഇതില്‍ നിന്ന്‌ പിന്നീട്‌ കോലെഴുത്ത്‌ രൂപപ്പെട്ടു. ഗ്രന്ഥലിപിയില്‍ നിന്നാണ്‌ ഇന്നത്തെ മലയാളലിപി ഉണ്ടായത്‌. 16-ാം നൂറ്റാണ്ടു മുതലാണ്‌ മലയാളമെഴുതാന്‍ ഗ്രന്ഥ ലിപി ഉപയോഗിച്ചു തുടങ്ങിയത്‌. ഭാഷാപിതാവായി ഗണിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്‍ തന്റെ കിളിപ്പാട്ടുകള്‍ എഴുതാന്‍ ഉപയോഗിച്ചത്‌ ഗ്രന്ഥ ലിപിയാണ്‌. ദേശഭേദമനുസരിച്ചുള്ള ഉച്ചാരണഭേദങ്ങളും ശൈലീഭേദങ്ങളും വാമൊഴി മലയാളത്തില്‍ നിലനില്‍ക്കുന്നു.

      16-ാം നൂറ്റാണ്ടു മുതല്‍ അച്ചടി കേരളത്തില്‍ എത്തിയെങ്കിലും മലയാളം അച്ചടി തുടങ്ങിയത്‌ വൈകിയാണ്‌. 1772-ല്‍ റോമില്‍ മുദ്രണം ചെയ്‌ത 'സംക്ഷേപവേദാര്‍ത്ഥം' (1772) മാണ്‌ അച്ചടിക്കപ്പെട്ട അദ്യ മലയാള പുസ്‌തകം.

     കേരളത്തിലെയും ലക്ഷദ്വീപിലെയും മുഖ്യഭാഷയാണ്‌ മലയാളം. ദ്രാവിഡഭാഷകളിലൊന്നായ മലയാളത്തിന്റെ ഉത്‌പത്തിയെപ്പറ്റി വിവിധ സിദ്ധാന്തങ്ങളുണ്ട്‌. കേരളത്തില്‍ പ്രചരിച്ചിരുന്ന തമിഴിന്റെ വകഭേദത്തില്‍ നിന്ന്‌ എ.ഡി. ഒമ്പതാം നൂറ്റാണ്ടോടു കൂടി മലയാളം സ്വതന്ത്രഭാഷയായി പരിണമിച്ചുവെന്നാണ്‌ ഏറ്റവും പ്രബലമായ വാദം. മൂന്നുകോടിയിലധികം ആളുകളുടെ മാതൃഭാഷയായ മലയാളം കേരളത്തിനു പുറമേ മലയാളികള്‍ ധാരാളമുള്ള അറേബ്യന്‍ ഗള്‍ഫ്‌ രാജ്യങ്ങളിലും സംസാരിക്കുന്നു. പതിമൂന്നാം നൂറ്റാണ്ടു മുതല്‍ സാഹിത്യ ഭാഷയെന്ന നിലയില്‍ മലയാളത്തിന്റെ വളര്‍ച്ച തുടങ്ങി. ഒമ്പതാം നൂറ്റാണ്ടുമുതല്‍ വട്ടെഴുത്ത്‌ ലിപിയിലാണ്‌ മലയാളം എഴുതിയിരുന്നത്‌. പതിനാറാം നൂറ്റാണ്ടു മുതല്‍ ഉപയോഗത്തില്‍ വന്ന ഗ്രന്ഥലിപിയില്‍ നിന്നാണ്‌ ആധുനിക മലയാളലിപി രൂപപ്പെട്ടത്‌.

      മലയാളത്തിലെ  അക്ഷരമാലയെപ്പറ്റി വിഭിന്നമായ അഭിപ്രായങ്ങളുണ്ട്‌. അര്‍ത്ഥഭേദമുണ്ടാക്കുന്ന ഏറ്റവും ചെറിയ ഭാഷായൂണിറ്റുകളായ വര്‍ണ്ണങ്ങള്‍ അഥവാ സ്വനിമങ്ങള്‍ (phonemes) 53 എണ്ണമുണ്ടെന്ന്‌ കേരളപാണിനീയത്തില്‍ എ. ആര്‍ . രാജരാജവര്‍മ്മ നിര്‍ദ്ദേശിക്കുന്നു. അക്ഷരങ്ങളായി പരിഗണിക്കുന്നത്‌ ഈ വര്‍ണ്ണങ്ങളെയാണ്‌. കേരളപാണിനീയത്തെയാണ്‌ ഏറ്റവും പ്രാമാണികമായ മലയാള വ്യാകരണഗ്രന്ഥമായി പരിഗണിക്കുന്നത്‌. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്‌, ജോര്‍ജ്ജ്‌ മാത്തന്‍ , കോവുണ്ണി നെടുങ്ങാടി, ശേഷഗിരിപ്രഭു തുടങ്ങിയവരും വ്യാകരണഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്‌.

      സമ്പന്നമായ സാഹിത്യവും പത്രമാസികകളും പുസ്‌തക പ്രസാധനവും മലയാളത്തിന്റെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു. വിദ്യാഭ്യാസ പദ്ധതികളും സാഹിത്യ, സാംസ്‌കാരിക സ്ഥാപനങ്ങളുമെല്ലാം ഇതില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നുണ്ട്‌.