Saturday, 9 February 2013

തെന്മല



             കൊല്ലം ജില്ലയിലെ കിഴക്കുഭാഗത്തുള്ള പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമപ്രദേശം. ഇത് സഹ്യപർവതത്തിന്റെ പടിഞ്ഞാറേ അരികിൽ സ്ഥിതിചെയ്യുന്നു.ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി ആണ്‌ ഇത് . സാന്ദ്രഹരിതമായ സസ്യപ്രകൃതിയും ജൈവവൈവിധ്യവും തെന്മലയുടെ സവിശേഷതകളാണ്. മലനിരകളും പുഴകളും അരുവികളും നിറഞ്ഞതാണ് ഭൂപ്രകൃതി. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും ചെന്തുരുണി (ശെന്തുരുണി) വന്യമൃഗസംരക്ഷണകേന്ദ്രവും ഇവിടെ സ്ഥിതിചെയ്യുന്നു.
        മൺമറഞ്ഞ ശിലായുഗ സംസ്കാരത്തിന്റെ നിരവധി ചരിത്രാവശിഷ്ടങ്ങൾ തെന്മലയിൽ കണ്ടെത്തിയിട്ടുണ്ട്. കല്ലട ജലസേചന പദ്ധതിയുടെ വലതുകനാൽമേഖലയിൽനിന്നു ലഭിച്ച പുരാതന ഗൃഹോപകരണങ്ങൾ പ്രത്യേക ചരിത്രപ്രാധാന്യമർഹിക്കുന്നു. പാണ്ഡ്യ രാജാക്കന്മാരുടെ ഭരണകാലത്തു നിർമിച്ച മാമ്പഴത്തറ ക്ഷേത്രം തെന്മലയിലെ പുരാതന ആരാധനാലയം എന്നതിനൊപ്പം ചരിത്രപരമായ പ്രസിദ്ധിയും പേറുന്നു.
കല്ലട ജലസേചനപദ്ധതി കവാടം.

വന്യമൃഗസംരക്ഷണകേന്ദ്രം

            തെന്മല വന്യജീവി ഡിവിഷനിൽപ്പെട്ട തെന്മല റെയിഞ്ചിലെ കുളത്തൂപ്പുഴ റിസർവ് വനമേഖല 1984 ആഗസ്റ്റ് 25-ന് ചെന്തുരുണി വന്യജീവിസംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചു. 100 ച.കി.മീ. വിസ്തൃതിയുള്ള ഈ വന്യമൃഗസംരക്ഷണകേന്ദ്രത്തിന്റെ ആസ്ഥാനം തെന്മലയാണ്.
           ഉഷ്ണമേഖലാ നിത്യഹരിതവനങ്ങൾ, അർധ നിത്യഹരിതവനങ്ങൾ, ഇലകൊഴിയും കാടുകൾ, ഗിരിശീർഷ ഹരിതവനങ്ങൾ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന വനങ്ങൾ ഈ വന്യമൃഗസംരക്ഷണകേന്ദ്രത്തിലുണ്ട്. തമ്പകം, പുന്ന, കല്പയിൻ, വെള്ളപ്പയിൻ തുടങ്ങിയ നിത്യഹരിത വൃക്ഷങ്ങളും കരിമരുത്, വെന്തേക്ക്, വേങ്ങ, ഈട്ടി (വീട്ടി) മുതലായ ഇലകൊഴിയും വൃക്ഷങ്ങളും വള്ളിപ്പടർപ്പുകളും മുളങ്കൂട്ടങ്ങളും ഇടകലർന്ന സമ്മിശ്ര വനഭാഗങ്ങളാണിവ. ഈ കാടുകളിൽ സ്വാഭാവികമായി തേക്ക് വളരാറില്ല എന്നൊരു സവിശേഷതയുണ്ട്. ഈ പ്രദേശത്തുമാത്രം കണ്ടുവരുന്ന ചെങ്കുരുണി അഥവാ ചെങ്കുറുഞ്ഞി മരത്തിനെ ആസ്പദമാക്കിയാണ് വന്യമൃഗസംരക്ഷണകേന്ദ്രത്തിന് ചെന്തുരുണി എന്ന പേര് കൈവന്നത്. അനാകാർഡിയേസീ കുടുംബത്തിൽപ്പെട്ട ഈ വൃക്ഷത്തിന്റെ ശാസ്ത്രനാമം ഗ്ലൂട്ടാ ട്രാവൻകോറിക്ക എന്നാണ്. കനത്ത തൊലിയും നീണ്ട് കട്ടിയുള്ള ഇലകളുമാണ് ഈ മരത്തിന്റെ പ്രത്യേകത.

              തെന്മലയിൽനിന്ന് ജലസംഭരണിയിലൂടെ ബോട്ടിൽ യാത്ര ചെയ്താൽ ചെന്തുരുണി വന്യമൃഗസങ്കേതത്തിന്റെ ഹരിതകാന്തിയും ജൈവവൈവിധ്യവും ആസ്വദിക്കാനാകും. നാടൻകുരങ്ങ്, സിംഹവാലൻ കുരങ്ങ്, കരിങ്കുരങ്ങ്, അണ്ണാൻ, മലയണ്ണാൻ, കാട്ടുപോത്ത്, മ്ലാവ്, കേഴമാൻ, കലമാൻ, കൂരൻ, കാട്ടുപന്നി, മുള്ളൻപന്നി, ആന, കൂരമാൻ, കടുവ, പുള്ളിപ്പുലി, കാട്ടുപൂച്ച, ചെന്നായ്, കുറുക്കൻ, കരടി, വെരുക്, മരപ്പട്ടി, കീരി, അളുങ്ക് തുടങ്ങിയ മൃഗങ്ങളും മഞ്ഞക്കിളി, മണ്ണാത്തിപ്പുള്ള്, ചെമ്പുകൊട്ടി, പച്ചമരപ്പൊട്ടൻ, കാട്ടുമൈന, കരിയിലക്കിളി, കാടുമുഴക്കി, തീക്കുരുവി, തീക്കാക്ക, നാകമോഹൻ, ആനറാഞ്ചി,ചൂളപ്രാവ് ,മൂങ്ങ തുടങ്ങിയ നിരവധി പക്ഷിജാലങ്ങളും ഇവിടെയുണ്ട്.
ഒറ്റയ്കൽ ലുക്ക് ഔട്ട്

ഒറ്റയ്കൽ ഔട്ട് ലുക്ക്

         തെന്മല ഇക്കോടൂറിസത്തിന്റെ കവാടം എന്നറിയപ്പെടുന്ന പ്രദേശമാണ് ഒറ്റയ്കൽ ഔട്ട് ലുക്ക്. ദേശീയ പാത 208ൽ പുനലൂരിൽ നിന്നും 16 കിലോമീറ്റർ ദൂരെയാണ് ഇത്. കല്ലടയാറ്റിൽ ഉണ്ടാക്കിയ ബണ്ട് മൂലം ഇവിടെ ഒരു ചെറിയ തടാകം രൂപപ്പെട്ടിട്ടുണ്ട്. വർണ്ണനാതീതമായ പ്രകൃതിഭംഗിയും അതു കാണാനുള്ള നിരീക്ഷണ ഗോപുരവും ഇവിടുത്തെ പ്രത്യേകതയാണ്.

തെന്മല ഇക്കോടൂറിസം പദ്ധതി

          തെന്മല ഇക്കോടൂറിസം പദ്ധതി ഈ പ്രദേശത്തിന് ഇന്ത്യൻ വിനോദസഞ്ചാര ഭൂപടത്തിൽ സുപ്രധാനവും സവിശേഷവുമായ സ്ഥാനം നേടിക്കൊടുത്തു. ഭൂമിയോടും പ്രകൃതിയോടും പ്രതിബദ്ധത പുലർത്തുന്നതാണ് ഇക്കോടൂറിസം. പ്രകൃതിയിലധിഷ്ഠിതമായിരിക്കുക, വിദ്യാഭ്യാസമൂല്യമുള്ളതായിരിക്കുക, പരിസ്ഥിതിക്ക് കോട്ടം തട്ടാത്തതായിരിക്കുക, തദ്ദേശവാസികൾക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതായിരിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കിയ ഈ ഇക്കോടൂറിസം പദ്ധതി തെന്മലയിലേക്ക് നിരവധി സഞ്ചാരികളെ ആകർഷിച്ചുവരുന്നു. ഇവിടെ ഇക്കോടൂറിസം, ഇക്കോഫ്രണ്ട്ലി ജനറൽ ടൂറിസം, പിൽഗ്രിമേജ് ടൂറിസം എന്നീ മൂന്ന് വിഭാഗങ്ങളിലായുള്ള സന്ദർശന പദ്ധതികളുണ്ട്.

                ഇക്കോടൂറിസത്തിൽ പ്രധാനമായും ട്രക്കിങ് ആണ് ഉൾപ്പെടുന്നത്. തെന്മലയിൽനിന്ന് രണ്ടുമണിക്കൂർ സമയംകൊണ്ട് പൂർത്തിയാക്കാവുന്ന 'സോഫ്റ്റ് ട്രക്കിങ്' മുതൽ മൂന്നുദിവസംകൊണ്ട് പൂർത്തിയാക്കാവുന്ന ചെന്തുരുണി വന്യമൃഗസംരക്ഷണകേന്ദ്ര കാൽനടയാത്ര വരെ ഇതിലുൾപ്പെടുന്നു. തെന്മലയിൽനിന്ന് 17 കി.മീ. അകലെയുള്ള പാലരുവി വെള്ളച്ചാട്ടം വരെയുള്ള കാൽനടയാത്രയാണ് മറ്റൊരു സന്ദർശന പരിപാടി.
ഇക്കോഫ്രണ്ട്ലി ജനറൽ ടൂറിസം പദ്ധതി തെന്മലയിൽമാത്രം കേന്ദ്രീകരിച്ചുള്ളതാണ്. ഇതിലെ ഒരു വിഭാഗം തെന്മലയിലുള്ള ഇക്കോടൂറിസം ഫെസിലിറ്റേഷൻ സെന്ററിലെ പരിപാടികളാണ്. ഇതിൽ ആംഫീ തിയെറ്റർ, ഷോപ്പ് കോർട്ട്സ്, റസ്റ്റൊറന്റ്, മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടൻ എന്നിവയുണ്ട്.
മലഞ്ചരിവിലൂടെയുള്ള നടപ്പാതകൾ, കാട്ടിലൂടെയുള്ള ചെറുപാതകൾ, മരക്കൊമ്പുകളെ തൊട്ടുനടക്കാനാവുംവിധം ഉയർത്തിക്കെട്ടിയ നടപ്പാത, തൂക്കുപാലം, മരക്കൊമ്പുകളിലുള്ള കൂടാരങ്ങൾ, ശില്പോദ്യാനം, മാൻ പാർക്ക് എന്നിവയടങ്ങുന്നതാണ് തെന്മലയിലെ മറ്റൊരു 'ഇക്കോഫ്രണ്ട്ലി' വിഭാഗം.

          സാഹസിക ടൂറിസത്തിനുള്ള സൗകര്യങ്ങളും ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായുണ്ട്. നേച്ചർ ട്രെയിൻ, താമരക്കുളം, മൌണ്ടൻ ബൈക്കിങ്, റോക്ക് ക്ളൈംബിങ്, റാപ്പലിങ്, റിവർ ക്രോസിങ് തുടങ്ങിയവ ഇതിലുൾപ്പെടുന്നു.

               തെന്മലയിൽനിന്ന് കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ എന്നിവിടങ്ങളിലേക്കുള്ള തീർഥാടനസൗകര്യമൊരുക്കുന്ന ഇക്കോടൂറിസം പദ്ധതിയാണ് 'പിൽഗ്രിമേജ്' വിഭാഗത്തിലുള്ളത്. തെന്മല ഇക്കോടൂറിസം പ്രൊമോഷൻ സൊസൈറ്റിയാണ് ഇക്കോടൂറിസം പദ്ധതിയുടെ മേൽനോട്ടം നടത്തുന്നത്.