Saturday, 29 September 2012

പമ്പ ജലമേള

               ഗ്രാമീണ ജനതയുടെ ആവേശവും ആഹ്ലാദവുമായി സമാരംഭിച്ച നീരേറ്റുപുറം പമ്പ ജലമേള കുട്ടനാടിന്റെ ചരിത്രത്തിലെ ഒരേടാണ്. മലയാളിയുടെ ദേശീയ ഉല്‍സവമായ തിരുവോണത്തെ പ്രകമ്പനം കൊള്ളിക്കുന്ന ആവേശമാണ് പമ്പ നെട്ടായത്തില്‍ നടക്കുന്നത്. തിരുവോണനാളില്‍ നടക്കുന്ന ഏക വള്ളംകളിയെന്ന പ്രത്യേകതയും നീരേറ്റുപുറത്തിന്റെ സ്വന്തമാണ്. ആണ്ടിലൊരിക്കല്‍ കയ്യും മെയ്യും കോര്‍ത്ത് അരങ്ങേറുന്ന ജലമേള കുട്ടനാടിന്റെ കാര്‍ഷിക സംസ്കാരത്തെയും ജനസംസ്കൃതിയെയും അരക്കിട്ടുറപ്പിക്കുന്നതാണ്.1957ല്‍ ചെറുവള്ളങ്ങളുമായി ആരംഭിച്ച പമ്പ ജലമേള ഇന്ന് കേരളത്തിലെ മാത്രല്ല വിദേശികളുടെ പോലും ശ്രദ്ധ ആകര്‍ഷിക്കുന്നതായി മാറിക്കഴിഞ്ഞു. ഉന്നതനിലവാരം പുലര്‍ത്തുന്ന ടീമുകളും വള്ളങ്ങളും മാറ്റുരയ്ക്കുന്നതിലൂടെ കുട്ടനാടിന്റെ സൗന്ദര്യം തന്നെ ദര്‍ശിക്കാനാകും. നീരേറ്റുപുറം പബ്ലിക് ലൈബ്രറിയുടെയും അമിച്ചകരി യൂണിയന്‍ ലൈബ്രറിയുടെയും നേതൃത്വത്തില്‍ തുടങ്ങിയ ചെറുവള്ളംകളിയാണ് പ്രസിദ്ധമായ പമ്പ ജലമേളയായി മാറിയത്.തച്ചുശാസ്ത്രത്തിന്റെയും കലയുടെയും സമ്മേളനമാണ് കളിവള്ളങ്ങള്‍. കാഴ്ചയില്‍ മനോഹരമായ ഇവ കണക്കുകള്‍ പിഴയ്ക്കാതെ നിര്‍മിക്കുന്നതാണ്. ചുണ്ടന്‍, വെപ്പ്, വടക്കനോടി, ഇരുട്ടുകുത്തി, ചുരുളന്‍ എന്നീ വിഭാഗങ്ങളില്‍പെട്ട വള്ളങ്ങള്‍ മല്‍സരത്തില്‍ പങ്കെടുക്കും. കെ. സി. മാമ്മന്‍ മാപ്പിള ട്രോഫിയടക്കം അന്‍പതിലധികം ട്രോഫികളാണ് ജേതാക്കളെ കാത്തിരിക്കുന്നത്. കര്‍ഷകനെന്നോ കര്‍ഷക തൊഴിലാളിയെന്നോ ജാതിമത വര്‍ഗവര്‍ണ വ്യത്യാസമോ വള്ളംകളിയില്‍ പ്രകടമല്ല. കുട്ടനാട്ടുകാരുടെ താളവും അതിനനുസരിച്ചുള്ള തുഴച്ചിലും ആരെയും ആകര്‍ഷിക്കുന്നതാണ്.