Wednesday, 23 November 2011

ചരിത്രമുറങ്ങുന്ന പദ്മനാഭപുരം കൊട്ടാരം.





                തിരുവിതാംകൂറിന്റെ ആദ്യതലസ്ഥാനമായ പത്മനാഭപുരത്തെ 18-ാം നൂറ്റാണ്ടിലെ ദാരു നിര്‍മ്മിതമായ കൊട്ടാരം. 1609ല്‍ ഇരവിപ്പിള്ള ഇരവിവര്‍മ്മ കുലശേഖര പെരുമാളാണ് കൊട്ടാരം നിര്‍മ്മിച്ചതെന്ന് കരുതുന്നു. 1741 ല്‍ കുളച്ചല്‍ യുദ്ധത്തിനു ശേഷം മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ് ഇന്നു കാണുന്ന നിലയില്‍ കൊട്ടാരം പുതുക്കി പണിതത്. ആറര ഏക്കര്‍ വിസ്തൃതിയുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം വേണാടിന്റെ തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റിയതോടെ പത്മനാഭപുരത്തിന്റെ പ്രൗഢി കുറഞ്ഞു. കൊട്ടാരം നില്‍ക്കുന്നത് തമിഴ്‌നാട്ടിലാണെങ്കിലും കൊട്ടാരവും പരിസരങ്ങളും കേരളത്തിന്റെ സ്വന്തമാണ്.

പൂമുഖത്തെ മച്ചില്‍ ശില്‍പാലംകൃതമായ കൊത്തുപണികള്‍ കാണാം. മുകളില്‍ രാജസഭ കൂടിയിരുന്ന ദര്‍ബാര്‍ ഹാള്‍. സമീപത്ത് ഇരുനിലകളിലായി ആയിരം പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഊട്ടുപുര. 400 കൊല്ലം പഴക്കമുള്ള തായ് കൊട്ടാരവും ഇതിനടുത്താണ്. വരിക്കപഌവിന്റെ തടിയില്‍ നിര്‍മിച്ച കന്നിത്തൂണിലും മച്ചിലും കമനീയമായ കൊത്തുപണികള്‍. മൂന്നു നിലകളുള്ള ഉപ്പിരിക്ക മാളിക, താഴെ ഖജനാവ്, മുകളില്‍ രാജാവിന്റെ ശയനഗൃഹം, ഏറ്റവും മുകളില്‍ തേവാരപ്പുര. കേരളത്തിലെ പുരാതനമായ ചുമര്‍ചിത്ര ശേഖരങ്ങള്‍ ഈ തേവാരപ്പുരയിലാണുള്ളത്. സുരക്ഷാകാരണങ്ങളാല്‍ ഉപ്പിരിക്ക മാളികയുടെ മുകള്‍നിലയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്.

മാളികയോടു ചേര്‍ന്ന് രാജവധുക്കളുടെ അന്തപ്പുരം.തുടര്‍ന്ന് ഔദ്യോഗികാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന തെക്കേ തെരുവ് മാളിക. രാജഭരണക്കാലത്ത് അതിഥിമന്ദിരമായി ഉപയോഗിച്ചിരുന്ന ഇന്ദ്രവിലാസം മാളിക കൊട്ടാരസമുച്ചയത്തില്‍ ഏറ്റവും ഒടുവിലത്തേതാണ്. യൂറോപ്യന്‍ മാതൃകയില്‍ നിര്‍മിച്ച ഈ ഉത്തുംഗ സൗധത്തില്‍ പോപ്പിന്റെ സന്ദേശവുമായി ഇന്ത്യയില്‍ ആദ്യമെത്തിയ ഫാ. പൗലിനോസ് ബര്‍ത്തലോമിയ എന്ന വിദേശമിഷണറി താമസിച്ചിട്ടുണ്ട്.

രാജഭരണകാലത്ത് നവരാത്രിപൂജയും നൃത്തസംഗീത സദസും നടത്തിയിരുന്ന നവരാത്രി മണ്ഡപം പൂര്‍ണമായും കരിങ്കല്ലില്‍ നിര്‍മിച്ചതാണ്. പ്രത്യേക മിശ്രിതം കൊണ്ട് നിര്‍മ്മിച്ച തറയില്‍ നോക്കി മുഖം മിനുക്കാം. നവരാത്രി മണ്ഡപം ഒഴികെ കൊട്ടാരസമുച്ചയത്തിലെ മറ്റ് കെട്ടിടങ്ങളെല്ലാം പൂര്‍ണമായും തടിയില്‍ നിര്‍മിച്ചവയാണ്. കേരള പുരാവസ്തു വകുപ്പിന്റെ ചുമതലയിലാണ് കൊട്ടാരം. തിങ്കളാഴ്ച അവധിയാണ്.