Monday, 26 September 2011

മുടിയേറ്റ്‌

    മധ്യ-ദക്ഷിണകേരളത്തിലെ അനുഷ്‌ഠാനപരമായ നാടോടി നാടകരൂപം. ഭദ്രകാളിയുടെ പ്രീതിക്കുവേണ്ടി നടത്തുന്നു. മുടിയെടുപ്പ്‌ എന്നും പേരുണ്ട്‌. അസുരനായ ദാരികനെ കാളി വധിച്ച കഥയാണ്‌ മുടിയേറ്റിന്റെ ഇതിവൃത്തം. ശിവന്‍ , നാരദന്‍ , കാളി, രാക്ഷസരാജാവ്‌, ദാനവേന്ദ്രന്‍ , കൂളി, കോയിമ്പിടാര്‍ എന്നിവരാണ്‌ കഥാപാത്രങ്ങള്‍ . പിന്‍പാട്ടുകാരുടെ ഗാനങ്ങള്‍ക്കനുസരിച്ച്‌ നടന്‍മാര്‍ കാളി-ദാരിക യുദ്ധകഥ അഭിനയിക്കുന്നു. വീക്കുചെണ്ട, ഉരുട്ടു ചെണ്ട, ചേങ്ങല എന്നീ വാദ്യങ്ങള്‍ ഉപയോഗിക്കുന്നു.
         അലങ്കരിച്ച പന്തലില്‍ പഞ്ചവര്‍ണപ്പൊടി കൊണ്ട്‌ ഭദ്രകാളിക്കളം വരയ്‌ക്കുന്നു. കളം പൂജ, കളം പാട്ട്‌, താലപ്പൊലി, തിരിയുഴിച്ചില്‍ എന്നിവയ്‌ക്കു ശേഷം കളം മായ്‌ക്കും. അതു കഴിഞ്ഞാണ്‌ മുടിയേറ്റ്‌ തുടങ്ങുന്നത്‌. ദാരികനെയും ദാനവേന്ദ്രനെയും കൊണ്ട്‌ മനുഷ്യര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ നാരദന്‍ ശിവനെ അറിയിക്കുന്നതോടെ മുടിയേറ്റ്‌ ആരംഭിക്കുന്നു. തുടര്‍ന്ന്‌ ദാരികന്‍ പ്രവേശിക്കുന്നു. അതു കഴിഞ്ഞ്‌ കാളിയും കൂളിയും വരുന്നു. കാളിയുടെ കലിയിളകല്‍, കലി ശമിപ്പിക്കല്‍ , കോയിമ്പിടാരും വാദ്യക്കാരും തമ്മിലുള്ള സംവാദം, കൂളിയുടെ കോമാളി പ്രകടനങ്ങള്‍ , കാളി - ദാരിക യുദ്ധം, ദാരികന്റെ ശിരച്ഛേദം എന്നിവയാണ്‌ ഈ നാടോടി നാടകത്തിലെ മുഖ്യരംഗങ്ങള്‍ .
   പന്തങ്ങളുടെയും തീവെട്ടികളുടെയും വെളിച്ചത്തിലാണ്‌ മുടിയേറ്റ്‌ അരങ്ങേറുന്നത്‌. കഥാപാത്രങ്ങള്‍ക്ക്‌ മുഖത്ത്‌ ചമയവും കിരീടവും ഉടുത്തുകെട്ടും ഉണ്ട്‌. അരിമാവും ചുണ്ണാമ്പും ചേര്‍ത്ത്‌ കാളിയുടെ മുഖത്ത്‌ ചുട്ടികുത്തുന്നു. മരമോ ലോഹമോ കൊണ്ട്‌ ഉണ്ടാക്കിയ വലിയ കിരീടം (മുടി) കാളി തലയില്‍ അണിയുന്നു. മുടിയേറ്റ്‌ എന്ന്‌ പേരുണ്ടാകാനും കാരണം ഇതു തന്നെ.

Tuesday, 20 September 2011

കൃഷ്‌ണനാട്ടം

     17-ാം നൂറ്റാണ്ടില്‍ കോഴിക്കോട്ടെ സാമൂതിരി രാജാവായ മാനവേദന്‍ അവതരിപ്പിച്ച ദൃശ്യകലയാണ്‌ കൃഷ്‌ണനാട്ടം. ശ്രീകൃഷ്‌ണകഥയെ ആധാരമാക്കി മാനവേദന്‍ സംസ്‌കൃതത്തില്‍ 'കൃഷ്‌ണഗീതി' എന്ന ദൃശ്യകാവ്യം അഭിനയയോഗ്യമായി കൃഷ്‌ണനാട്ടം അവതരിപ്പിക്കുന്നു. അവതാരം, കാളിയമര്‍ദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വര്‍ഗാരോഹണം എന്നിവയാണ്‌ എട്ടു ദിവസമായി അവതരിപ്പിക്കുന്ന കഥകള്‍ .
  
നൃത്തപ്രധാനമായ അഭിനയത്തിനാണ്‌ കൃഷ്‌ണനാട്ടത്തില്‍ പ്രാധാന്യം. ഗ്രാമീണ നൃത്തപാരമ്പര്യത്തിന്റെ സ്വാധീനത കൃഷ്‌ണനാട്ടത്തില്‍ കാണാം. ശ്ലോകങ്ങളും പദങ്ങളും പിന്നണിയില്‍ നിന്ന്‌ ഗായകര്‍ പാടുകയും നടന്മാര്‍ അതിനൊത്ത്‌ നൃത്തപ്രധാനമായി അഭിനയിക്കുകയുമാണ്‌ ഈ കലാരൂപത്തിലെ രീതി. തൊപ്പിമദ്ദളം, ശുദ്ധമദ്ദളം, ഇടയ്‌ക്ക എന്നിവയാണ്‌ വാദ്യങ്ങള്‍ . തൊപ്പിമദ്ദളം സാത്വിക വേഷങ്ങള്‍ക്കും ശുദ്ധമദ്ദളം അസുരവേഷങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നു. ചെമ്പട, ചെമ്പ, അടന്ത, പഞ്ചാരി എന്നീ താളങ്ങള്‍ക്കനുസൃതമായി വിന്യസിക്കപ്പെടുന്ന നൃത്തച്ചുവടുകളാണ്‌ കൃഷ്‌ണനാട്ടത്തിന്റെ സവിശേഷത.
   
കഥകളിയുടെ ഉപജ്ഞാതാവായ കൊട്ടാരക്കരത്തമ്പുരാന്‌ പ്രേരണയായിത്തീര്‍ന്നത്‌ കൃഷ്‌ണനാട്ടമാണത്രെ. കൃഷ്‌ണനാട്ടസംഘത്തെ അയച്ചു കൊടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ സാമൂതിരി വിസമ്മതിച്ചുവെന്നും അതില്‍ കുപിതനായി കൊട്ടാരക്കരത്തമ്പുരാന്‍ 'രാമനാട്ടം' രൂപ കല്‌പന ചെയ്‌തുവെന്നുമാണ്‌ ഐതിഹ്യം.
        
പ്രചാരം കുറഞ്ഞ കലാരൂപമാണ്‌ കൃഷ്‌ണനാട്ടം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ വഴിപാടായി കൃഷ്‌ണനാട്ടം നടത്തുന്നതു കൊണ്ട്‌ ഈ കല അന്യം നിന്നു പോകുന്നില്ല. ഓരോ ദിവസത്തെ കഥയും വഴിപാടായി കളിപ്പിക്കുന്നതിന്‌ പ്രത്യേകം ഫലങ്ങള്‍ ഉണ്ടാകുമെന്നാണു വിശ്വാസം. സന്താനലബ്ധിക്ക്‌ 'അവതാരം', വിവാഹം നടക്കാന്‍ 'സ്വയംവരം', സ്‌ത്രീകളുടെ ഐശ്വര്യത്തിന്‌ 'രാസക്രീഡ', ശത്രുനാശത്തിന്‌ 'കംസവധം', ദാരിദ്ര്യമുക്തിക്ക്‌ 'വിവിദ വധം', സര്‍പ്പകോപം തീരാന്‍ 'കാളിയമര്‍ദ്ദനം', ശുഭകാര്യമുണ്ടാവാന്‍ 'ബാണയുദ്ധം' എന്നിവ നടത്തുന്നു. 'സ്വര്‍ഗാരോഹണം' മാത്രം ഒറ്റയ്‌ക്കു നടത്താറില്ല. അതിനോടൊപ്പം 'അവതാരം' കൂടി നടത്തണമെന്നാണ്‌ നിയമം. 'സ്വര്‍ഗാരോഹണ'ത്തിന്‌ വിശേഷിച്ച്‌ ഒരു ഉദ്ദിഷ്ടകാര്യം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുമില്ല.

Sunday, 18 September 2011

കൂത്ത്‌

        ചാക്യാര്‍ ജാതിയില്‍പ്പെട്ട കലാകാരന്മാര്‍ ക്ഷേത്രപരിസരത്ത്‌ അവതരിപ്പിക്കുന്ന കലാരൂപം. ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലാണ്‌ കൂത്ത്‌ നടത്തുന്നത്‌. കൂത്തമ്പലമില്ലാത്ത ക്ഷേത്രങ്ങളില്‍ താത്‌കാലികമായി കെട്ടിയുണ്ടാക്കിയ പുരയിലോ ഊട്ടുപുരയിലോ കൂത്ത്‌ നടത്തും. പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥകള്‍ ചമ്പുക്കളെ ആധാരമാക്കി ചാക്യാര്‍ അവതരിപ്പിക്കുന്നതാണ്‌ കൂത്ത്‌. അഭിനയത്തോടുകൂടിയുള്ള കഥപറച്ചിലാണ്‌ ഈ കലാരൂപം. അവതരിപ്പിക്കുന്ന കഥയിലെ ഓരോ കഥാപാത്രത്തിന്റെയും ഭാഗം ചാക്യാര്‍ അഭിനയിച്ച്‌ കഥ പറയുന്നു. രൂക്ഷമായ പരിഹാസവും സാമൂഹ്യവിമര്‍ശനവുമാണ്‌ കൂത്തിന്റെ സ്വഭാവം. മിഴാവാണ്‌ അകമ്പടി വാദ്യം. നമ്പ്യാര്‍മാരാണ്‌ മിഴാവു കൊട്ടുന്നത്‌. കൂത്ത്‌ പലതരമുണ്ടെങ്കിലും ഒറ്റയാള്‍ മാത്രമുള്ള പ്രബന്ധക്കൂത്തിനാണ്‌ പ്രചാരം. കൂത്ത്‌ എന്ന വാക്കു കൊണ്ട്‌ ഇന്ന്‌ പൊതുവേ അര്‍ത്ഥമാക്കുന്നതും പ്രബന്ധക്കൂത്തിനെയാണ്‌. കൂടിയാട്ടത്തിലെ വിദൂഷകന്റെ വേഷത്തിലാണ്‌ പ്രബന്ധക്കൂത്തില്‍ ചാക്യാര്‍ രംഗത്ത്‌ എത്തുന്നത്‌. നങ്ങ്യാര്‍കൂത്ത്‌, മത്തവിലാസം കൂത്ത്‌, അംഗുലീയാങ്കം കൂത്ത്‌ എന്നിവയാണ്‌ മറ്റ്‌ കൂത്തുകള്‍. ഏഴാമങ്കം, ബ്രഹ്മചാരിക്കൂത്ത്‌, പറക്കും കൂത്ത്‌ എന്നിവ പ്രാചീനകാലത്ത്‌ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നടത്താറില്ല. ഒരു കഥാപാത്രം തന്നെ മറ്റു കഥാപാത്രങ്ങളുടെ ഭാഗവും അഭിനയിക്കുന്ന രീതിക്ക്‌ പകര്‍ന്നാട്ടം എന്നാണ്‌ പേര്‌.
പ്രബന്ധക്കൂത്ത്‌
       
ഏറ്റവും പ്രചാരമുള്ള കൂത്ത്‌ രൂപം. കൂടിയാട്ടത്തിലെ വിദൂഷകന്റെ വേഷത്തില്‍ രംഗത്തെത്തുന്ന ചാക്യാര്‍ പുരാണ കഥാപരമായ ചമ്പുപ്രബന്ധങ്ങള്‍ ചൊല്ലി അഭിനയത്തിലൂടെ അര്‍ത്ഥം വിശദീകരിക്കുന്നു. കഥപറയാനായി സ്വീകരിച്ചിട്ടുള്ള ചമ്പൂകാവ്യത്തിലെ ഗദ്യവും പദ്യവും ചാക്യാര്‍ വിസ്‌തരിച്ച്‌ വ്യാഖ്യാനിക്കുന്നു. ഉപകഥകള്‍ കൂട്ടിച്ചേര്‍ത്തും മനോധര്‍മമനുസരിച്ച്‌ സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ചും സമകാലികജീവിതത്തെ വിമര്‍ശിക്കാനും സദസ്യരെ പരിഹസിക്കാനും ചാക്യാര്‍ അവസരം കണ്ടെത്തുന്നു. കാഴ്‌ചക്കാരെ ചൂണ്ടിക്കാട്ടിത്തന്നെ ചാക്യാര്‍ പരിഹസിച്ചു വശം കെടുത്തും. ഇതിനുള്ള സ്വാതന്ത്ര്യം ചാക്യാര്‍ക്ക്‌ സമൂഹം അംഗീകരിച്ചു കൊടുത്തിട്ടുണ്ട്‌.
തലയില്‍ ചുവന്നതുണികൊണ്ട്‌ കെട്ടി മുഖത്ത്‌ അരിപ്പൊടി, മഞ്ഞള്‍ , കരി എന്നിവ കൊണ്ട്‌ ചമയമിട്ട്‌ ഒരു കാതില്‍ കുണ്ഡലവും മറ്റേക്കാതില്‍ വെറ്റില തിരുകി തെറ്റിപ്പൂവ്‌ തൂക്കിയിട്ടാണ്‌ ചാക്യാര്‍ എത്തുന്നത്‌. വസ്‌ത്രം (മാറ്റ്‌) ഞൊറിഞ്ഞുടുത്തിരിക്കും. കത്തിച്ച നിലവിളക്കിനു മുന്നിലാണ്‌ ചാക്യാരുടെ ഏകാഭിനയ പ്രകടനം.
നങ്ങ്യാര്‍ കൂത്ത്‌

    
ചാക്യാര്‍ ജാതിയിലെ സ്‌ത്രീകളായ നങ്ങ്യാര്‍മാര്‍ നടത്തുന്ന കൂത്ത്‌. കൂടിയാട്ടത്തില്‍ സ്‌ത്രീ വേഷങ്ങള്‍ അഭിനയിക്കുന്നത്‌ നങ്ങ്യാര്‍മാരാണ്‌. കൂടിയാട്ടത്തിന്റെ അനുബന്ധകലയാണ്‌ നങ്ങ്യാര്‍ കൂത്ത്‌. സുഭദ്രാധനഞ്‌ജയം എന്ന സംസ്‌കൃത നാടകത്തിലെ രണ്ടാമങ്കത്തിലെ സുഭദ്രയുടെ ദാസിയായ ചേടിയുടെ വേഷമാണ്‌ നങ്ങ്യാര്‍കൂത്തില്‍ അവതരിപ്പിക്കുന്നത്‌. ദ്വാരകാനഗരവര്‍ണന, ശ്രീ കൃഷ്‌ണന്റെ ജനനം, ബാലലീലകള്‍ എന്നിവ തൊട്ട്‌ സുഭദ്രയും അര്‍ജുനനും തമ്മിലുള്ള പ്രേമബന്ധം വരെയുള്ള ഭാഗം നങ്ങ്യാര്‍ വിശദീകരിച്ച്‌ അഭിനയിക്കുന്നു. സ്‌ത്രീകളുടെയും പുരുഷന്മാരുടെയുമെല്ലാം ഭാഗം നങ്ങ്യാര്‍ തന്നെ നിര്‍വഹിക്കുന്നു. ഒരു കഥാപാത്രം തന്നെ മറ്റു പല കഥാപാത്രങ്ങളെക്കൂടി അവതരിപ്പിക്കുന്ന രീതിക്ക്‌ പകര്‍ന്നാട്ടം എന്നാണ്‌ പേര്‌. നങ്ങ്യാര്‍ കൂത്തിന്‌ അധികം പ്രചാരമില്ല. ഉഷ നങ്ങ്യാര്‍, മാര്‍ഗി സതി തുടങ്ങിയവര്‍ പ്രശസ്‌ത നങ്ങ്യാര്‍കൂത്ത്‌ കലാകാരികള്‍ ആണ്‌.

Thursday, 15 September 2011

കൂടിയാട്ടം

     പ്രാചീന സംസ്‌കൃത നാടകങ്ങളുടെ കേരളീയമായ രംഗാവതരണരീതിയാണ്‌ കൂടിയാട്ടം എന്ന പുരാതന കലാരൂപം. രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള കൂടിയാട്ടത്തെ വിശ്വപൈതൃക കലയായി യുനെസ്‌കോ അംഗീകരിച്ചിട്ടുണ്ട്‌. ചാക്യാര്‍ , നമ്പ്യാര്‍ സമുദായങ്ങള്‍ അവതരിപ്പിക്കുന്ന ഈ ക്ഷേത്രകല കൂത്തമ്പലങ്ങളിലാണ്‌ സാധാരണ അരങ്ങേറുന്നത്‌. സുദീര്‍ഘമായ പരിശീലനത്തിലൂടെയാണ്‌ കൂടിയാട്ടം അവതരിപ്പിക്കാനാവുക.
   
കൂടിച്ചേര്‍ന്നുള്ള അഭിനയം എന്നാണ്‌ 'കൂടിയാട്ടം' എന്ന പദത്തിനര്‍ത്ഥം. അഭിനയത്തിനാണ്‌ കൂടിയാട്ടത്തില്‍ പ്രാധാന്യം. ഭരതന്റെ 'നാട്യശാസ്‌ത്ര'ത്തില്‍ പറയുന്ന നാല്‌ അഭിനയരീതികളായ ആംഗികം, വാചികം, സാത്വികം, ആഹാര്യം എന്നിവ കൂടിയാട്ടത്തില്‍ ഒത്തു ചേരുന്നു. ഹസ്‌തമുദ്രകള്‍ ഉപയോഗിച്ചുള്ള വിസ്‌തരിച്ച അഭിനയവും ഇളകിയാട്ടം, പകര്‍ന്നാട്ടം, ഇരുന്നാട്ടം തുടങ്ങിയ സവിശേഷ അഭിനയ രീതികളും കൂടിയാട്ടത്തിലുണ്ട്‌.
   
സംസ്‌കൃത നാടകങ്ങളാണ്‌ കൂടിയാട്ടത്തിന്‌ ഉപയോഗിക്കുന്നത്‌. നാടകം മുഴുവന്‍ അവതരിപ്പിക്കുന്ന പതിവില്ല. മിക്കവാറും ഒരു അങ്കം മാത്രമായിരിക്കും അഭിനയിക്കുക. അങ്കങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നതിനാല്‍ പലപ്പോഴും അങ്കങ്ങളുടെ പേരിലാണ്‌ കൂടിയാട്ടം അറിയപ്പെടുന്നത്‌. വിച്ഛിന്നാഭിഷേകാങ്കം, മായാസീതാങ്കം, ശൂര്‍പ്പണഖാങ്കം എന്നിങ്ങനെയുള്ള പേരുകള്‍ വന്നത്‌ നാടകത്തിലെ ആ അങ്കങ്ങള്‍ മാത്രം അവതരിപ്പിക്കുന്നതു കൊണ്ടാണ്‌. ഭാസന്റെ 'പ്രതിമാ', 'അഭിഷേകം', 'സ്വപ്‌ന വാസവദത്തം', 'പ്രതിജ്ഞായൗഗന്ധരായണം', 'ഊരുഭംഗം', 'മധ്യമവ്യായോഗം', 'ദൂതവാക്യം' ശ്രീ ഹര്‍ഷന്റെ 'നാഗാനന്ദം', ശക്തിഭദ്രന്റെ 'ആശ്ചര്യചൂഡാമണി', കുലശേഖരവര്‍മന്റെ 'സുഭദ്രാധനഞ്‌ജയം', 'തപതീസംവരണം', നീലകണ്‌ഠന്റെ 'കല്യാണ സൗഗന്ധികം', മഹേന്ദ്രവിക്രമ വര്‍മന്റെ 'മത്തവിലാസം', ബോധായനന്റെ 'ഭഗവദ്ദജ്ജുകീയം' തുടങ്ങിയ സംസ്‌കൃത നാടകങ്ങളാണ്‌ കൂടിയാട്ടത്തിന്‌ ഉപയോഗിക്കുന്നത്‌. നാടകത്തിലെ ഒരു അങ്കം കൂടിയാട്ടമായി അവതരിപ്പിക്കാന്‍ ഏകദേശം എട്ടു ദിവസത്തോളം വേണം. 41 ദിവസം വരെയുള്ള രംഗാവതരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ന്‌ അതൊന്നും പതിവില്ല. കൂത്തമ്പലത്തിലെ രംഗവേദിയില്‍ നിലവിളക്കിനു മുന്നിലായാണ്‌ കൂടിയാട്ടത്തിലെ നടന്മാര്‍ അഭിനയിക്കുന്നത്‌. ഇരുന്ന്‌ അഭിനയിക്കേണ്ട സന്ദര്‍ഭങ്ങള്‍ക്കു വേണ്ടി ഒന്നോ രണ്ടോ പീഠങ്ങളും രംഗത്തുണ്ടായിരിക്കും. ഓരോ കഥാപാത്രവും ആദ്യം പ്രവേശിക്കുമ്പോള്‍ തിരശ്ശീല പിടിക്കും. മിഴാവാണ്‌ കൂടിയാട്ടത്തിലെ പ്രധാന വാദ്യം. ഇടയ്‌ക്ക, ശംഖ്‌, കുറുംകുഴല്‍, കുഴിത്താളം എന്നിവ മറ്റു വാദ്യങ്ങള്‍.
 
സവിശേഷമായി നിര്‍മിച്ചിട്ടുള്ള കൂത്തമ്പലങ്ങളാണ്‌ കൂടിയാട്ടത്തിന്റെ രംഗവേദി. ക്ഷേത്രങ്ങളിലാണ്‌ കൂത്തമ്പലങ്ങള്‍ നിര്‍മിച്ചിരുന്നത്‌.
കൂത്തമ്പലങ്ങളുള്ള ക്ഷേത്രങ്ങള്‍ :
1. തിരുമാന്ധാം കുന്ന്‌
2. തിരുവാര്‍പ്പ്‌
3. തിരുവാലത്തൂര്‍ (കൊടുമ്പ)
4. ഗുരുവായൂര്‍
5. ആര്‍പ്പൂക്കര
6. കിടങ്ങൂര്‍
7. പെരുവനം
8. തിരുവേഗപ്പുറ
9. മൂഴിക്കുളം
10. തിരുനക്കര
11. ഹരിപ്പാട്‌
12. ചെങ്ങന്നൂര്‍
13. ഇരിങ്ങാലക്കുട
14. തൃശ്ശൂര്‍ വടക്കുന്നാഥക്ഷേത്രം.

Saturday, 3 September 2011

ഓണാഘോഷച്ചടങ്ങുകള്‍

       പ്രാദേശികമായി പല മാറ്റങ്ങളും ഉണ്ടെങ്കിലും ഏകദേശം സമാനത പുലര്‍ത്തുന്ന ഒണാഘോഷത്തിലെ ചടങ്ങുകളാണ് ചുവടെ വിവരിച്ചിരിക്കുന്നത്....

പൂക്കളം

       തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ അത്തം മുതല്‍ ഒരുക്കങ്ങളാരംഭിക്കുകയാണ്‌. 'അത്തം പത്തോണം' എന്ന്‌ ചൊല്ല്‌. മുറ്റത്ത്‌ തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കുന്നു. ചിങ്ങത്തിലെ അത്തംനാള്‍ മുതലാ‍ണ് പൂക്കളം ഒരുക്കാന്‍ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍ മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തില്‍ സ്ഥാനമുള്ളൂ. ഉത്രാടത്തിന്‍ നാളിലാണ്‌‍ പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത്‌.മൂലം നാളില്‍ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.

തിരുവോണനാളിലെ ചടങ്ങുകള്‍

        പ്രാദേശികമായ വ്യത്യാസങ്ങള്‍ ഉള്ള ചടങ്ങുകളാണ് ഓണത്തിന്. സാധാരണയായി തിരുവോണപുലരിയില്‍ കുളിച്ചു കോടിവസ്‌ത്രമണിഞ്ഞ്‌ ഓണപ്പൂക്കളത്തിന്‌ മുന്‍പില്‍ ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്റെ സങ്കല്‍പരൂപത്തിന്‌ മുന്നില്‍ മാവ്‌ ഒഴിച്ച്‌, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളില്‍ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്‌. കളിമണ്ണിലാണ്‌ രൂപങ്ങള്‍ മെനഞ്ഞെടുക്കുന്നത്‌. രണ്ടുദിവസം വെയിലത്താണിവ ഉണ്ടാക്കിയെടുക്കുന്നത്‌. മറ്റു പൂജകള്‍ പോലെതന്നെ തൂശനിലയില്‍ ദര്‍ഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ഇരുത്തുകയും അദ്ദേത്തിന്‌ അട നിവേദിക്കുകയും ചെയ്യുന്നു.
തിരുവോണചടങ്ങുകളില്‍ വളരെ പ്രാധാന്യമുള്ളതാണ്‌ തൃക്കാക്കരക്ഷേത്രത്തില്‍ മഹാബലി ചക്രവര്‍ത്തിയെ വരവേല്‍ക്കുന്നത്‌. വാമനന്റെ കാല്‍പാദം പതിഞ്ഞ ഭൂമിയെന്ന അര്‍ത്ഥത്തിലാണ്‌ 'തൃക്കാല്‍ക്കര' ഉണ്ടായതെന്ന്‌ ഐതിഹ്യം. പുരാതന കേരളത്തിന്റെ ആസ്ഥാന മണ്ണില്‍ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം തൃക്കാക്കരയാണ്‌.

തൃക്കാക്കരയപ്പന്‍

              തൃശൂര്‍ ജില്ലയിലെ തെക്കന്‍ ഭാഗങ്ങളില്‍ തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്. പാലക്കാട് പ്രദേശങ്ങളില്‍ ഉത്രാടം നാളിലെ ഈ പരിപാടി തുടങ്ങുന്നു. മഹാബലിയെ വരവേല്‍ക്കുന്നതിനായാണ്‌ വീട്ടുമുറ്റത്തോ ഇറയത്തോ ആണ്‌ തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളില്‍ കളിമണ്ണുകൊണ്ടുണ്ടാക്കിയ രൂപങ്ങള്‍ (തൃക്കാക്കരയപ്പന്‍ ) പ്രതിഷ്ഠിക്കുന്നു. ഇതിനെ ഓണം കൊള്ളുക എന്നും പറയുന്നു.(ഇന്ന് മരം കൊണ്ടും തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നുണ്ട്). തൃക്കാക്കരയപ്പനെ ചെറിയ പീഠത്തില്‍ ഇരുത്തി തുമ്പക്കുടം, പുഷ്പങ്ങള്‍ എന്നിവകൊണ്ട് ഇതിനെ അലങ്കരിക്കുന്നു. കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, വേവിച്ച അട, മുറിച്ച നാളികേരം, അവില്‍ , മലര്‍ തുടങ്ങിയവയും ഇതിനോടപ്പം വക്കുന്നു. തൃക്കാക്കരയപ്പന്‍ ബുദ്ധസ്തൂപങ്ങളുടെ പ്രതീകമാണ്‌ എന്നും വിശ്വസിക്കുന്നുണ്ട്. ത്രിക്കാക്കരയപ്പനു നേദിച്ച ഭക്ഷണം മാത്രമേ നാം കഴിക്കാവു. ആര്‍പ്പ് വിളിച്ച് അടയുടെ ഒരു കഷണം ഗണപതിക്കും മഹാബലിക്കുമായി നിവേദിക്കുന്നു. ഇത് ഓണത്തപ്പനെ വരവേല്‍ ക്കുന്ന ചടങ്ങാണ്‌. തുടര്‍ ന്ന് അരിമാവുകൊണ്ടുള്ള കോലം വീടിലെ മറ്റു സ്ഥലങ്ങളിലും അണിയുന്നു. ഐശ്വര്യത്തിന്റെ പ്രതീകമായി ഇതിനെ കാണുന്നു. ഓണസദ്യയാണ്‌ തിരുവോണനാളിലെ പ്രധാന ഇനം. ഓണനാളില്‍ വീടിലെ മൃഗങ്ങള്‍ക്കും ഉറുമ്പുകള്‍ ക്കും സദ്യ കൊടുക്കണമെന്ന് ഒരു വിശ്വാസമുണ്ട്. ഉറുമ്പുകള്‍ ക്കും മറ്റുമായി അരിമാവ് പഞ്ചസാരയിട്ട് കുറുക്കി ചെറിയ കലങ്ങളില്‍ അവിടവിടെയായി വക്കാറുണ്ട്. ഇതിനുശേഷം ഓണക്കളികളും. എന്നാല്‍ ഇന്ന് ഓണക്കളികള്‍ നടക്കുന്നത് ചാനലുകളില്‍ മാത്രമാണെന്ന സത്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്.

ഓണക്കാഴ്ച

        ജന്മിയുമായുള്ള ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാന്‍ നല്‍കേണ്ടിയിരുന്ന നിര്‍ബന്ധപ്പിരിവായിരുന്നു ഓണക്കാഴ്ച സമര്‍പ്പണം. പണ്ടുമുതല്‍ക്കേ വാഴക്കുലയായിരുന്നു പ്രധാന കാഴ്ച. കൂട്ടത്തിലേറ്റവും നല്ല കുലയായിരുന്നു കാഴ്ചക്കുലയായി നല്‍കിയിരുന്നത്‌. കാഴ്ചയര്‍പ്പിക്കുന്ന കുടിയാന്മാര്‍ക്ക് ഓണക്കോടിയും പുടവകളും സദ്യയും ജന്മിമാര്‍ നല്‍കിയിരുന്നു. ഇത് കുടിയാന്‍ -ജന്മി ബന്ധത്തിന്റെ നല്ല നാളുകളുടെ ഓര്‍മ്മ പുതുക്കലായി ഇന്നും നടന്നുവരുന്നു. പക്ഷേ ഇന്ന്‌ കാഴ്ചയര്‍പ്പിക്കുന്നത്‌ കുടിയാന്‍  ജന്‍മിക്കല്ലെന്ന്‌ മാത്രം. ക്ഷേത്രങ്ങളിലേക്കാണ്‌ ഇന്ന് കാഴ്ചക്കുലകള്‍ സമര്‍പ്പിക്കപ്പെടുന്നത്. ഗുരുവായൂര്‍ അമ്പലത്തിലെ കാഴ്ച കുല സമര്‍പ്പണം പ്രസിദ്ധമാണ്. ആയിരക്കണക്കിന് കാഴ്ചകുലകളാണ് ഭക്തര്‍ ഉത്രാടദിവസം ഗുരുവായൂരപ്പനു സമര്‍പ്പിക്കപെടുന്നത്. തൃശൂര്‍ ജില്ലയിലെ ചൂണ്ടല്‍ , പുത്തൂര്‍ , പേതമംഗലം, എരുമപ്പെട്ടി, പഴുന്നാന തുടങ്ങിയ സ്ഥലങ്ങളില്‍ കാഴ്ചക്കുലകൃഷി നടത്തുന്നുണ്ട്. കല്യാണം കഴിഞ്ഞ ആദ്യവര്‍ഷത്തിലെ ഓണത്തിന്‌ പെണ്‍വീട്ടുകാര്‍ ആണ്‍ വീട്ടിലേക്ക്‌ കാഴ്ചക്കുല കൊണ്ടുചെല്ലണം എന്നതും ഒരു ചടങ്ങാണ്‌. സ്വര്‍ണനിറമുള്ള ഇത്തരം കുലകള്‍ പക്ഷേ ആണ്‍വീട്ടുകാര്‍ക്കുമാത്രമുള്ളതല്ല. അയല്‍ക്കാര്‍ക്കും വേലക്കാര്‍ക്കുമെല്ലാം അതില്‍ അവകാശമുണ്ട്‌. ഇത്‌ ക്രിസ്‌ത്യാനികളുടെയും ഹിന്ദുക്കളുടെയും കാരന്ദ. മുസ്ലീം സമുദായത്തിന്‌ ഒരു വ്യത്യാസമുണ്ട്‌. ഇവിടെ ആള്‍വീട്ടുകാര്‍ പെണ്‍വീട്ടുകാര്‍ക്കാണ്‌ കാഴ്ചക്കുല നല്‍കി വരുന്നത്‌. ഇന്ന്‌ തൃശൂരും സമീപപ്രദേശങ്ങളിലും ആയിരങ്ങള്‍ മുടക്കി ആവേശപൂര്‍വ്വം ചെയ്യുന്ന കച്ചവടമാണ്‌ കാഴ്ചക്കുലകളുടേത്.

ഉത്രാടപ്പാച്ചില്‍

             ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം (തിരുവോണത്തിനു തലേദിവസം) പിറ്റേ ദിവസത്തെ ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കുവാന്‍ മലയാളികള്‍ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിള്‍ എന്നു പറയുന്നത്. മലയാളികള്‍ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസം ആണു ഉത്രാട ദിവസം. അടുക്കളയിലേക്കും മറ്റും ഓണത്തിനു വേണ്ടതെല്ലാം കൈയ്യെത്തും ദൂരത്ത് എത്തിക്കുക എന്നതാണു ഉത്രാടപ്പാച്ചിലിന്റെ ഉദ്ദേശം.

ഓണസദ്യ

              ഓണത്തിന്റെ പ്രധാനാകര്‍ഷണം ഓണസദ്യയാണ്‌. 'ഉണ്ടറിയണം ഓണം' എന്നാണ്‌ വയ്പ്‌. ആണ്ടിലൊരിക്കല്‍ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന്‌ ഓണം. കാളന്‍ , ഓലന്‍ , എരിശ്ശേരി എന്നിവയാണ്‌ ഓണസദ്യയില്‍ പ്രധാന വിഭവങ്ങള്‍ . അവിയിലും സാമ്പാറും പിന്നീട്‌ വന്നതാണ്‌. നാലുകൂട്ടം ഉപ്പിലിട്ടതാണ്‌ കണക്ക്‌- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്‌. പപ്പടം ഇടത്തരം ആയിരിക്കും. 10 പലക്കാരന്‍ , 12 പലക്കാരന്‍ എന്നിങ്ങനെ പപ്പടക്കണക്ക്‌. ഉപ്പേരി നാലുവിധം- ചേന, പയര്‍ , വഴുതനങ്ങ, പാവക്ക, ശര്‍ക്കരപുരട്ടിക്ക്‌ പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും.വിളമ്പുന്നതിനും പ്രത്യേകതയുണ്ട്‌. നാക്കില തന്നെ വേണം ഓണസദ്യക്ക്‌. നാക്കിടത്തുവശം വരുന്ന രീതിയില്‍ ഇല വയ്ക്കണം. ഇടതുമുകളിള്‍ ഉപ്പേരി, വലതുതാഴെ ശര്‍ക്കര ഉപ്പേരി, ഇടത്ത്‌ പപ്പടം, വലത്ത്‌ കാളന്‍ , ഓലന്‍ , എരിശ്ശേരി, നടുക്ക്‌ ചോറ്‌, നിരന്ന്‌ ഉപ്പിലിട്ടത്‌. മദ്ധ്യതിരുവതാംകൂറില്‍ ആദ്യം പരിപ്പുകറിയാണ്‌ വിളമ്പാറ്‌. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര്‌ നിര്‍ബന്ധം. കൊല്ലത്തെ പഴമക്കാരുടെ ഓണസദ്യക്കു ലഹരിക്ക്‌ കൈതച്ചക്കയിട്ടുവാറ്റിയ ചാരായം നിര്‍ബന്ധം. ഇവിടെ ഓണത്തിന്‌ മരച്ചീനിയും വറക്കാറുണ്ട്‌. എള്ളുണ്ടയും അരിയുണ്ടയുമാണ്‌ മറ്റ്‌ വിഭവങ്ങള്‍ . കുട്ടനാട്ട്‌ പണ്ട്‌ ഉത്രാടം മുതല്‍ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങള്‍ .

ഓണപ്പാട്ടുകള്‍

      ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന്‌ സമ്മാനിച്ചതാണ്‌ ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകള്‍ പങ്കിട്ടെടുക്കുകയാണ്‌. ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന ഒരു ഓണപ്പാട്ട്.
                    മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍  കേള്‍ക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.

 

Friday, 2 September 2011

ഓണം-ഐതിഹ്യങ്ങള്‍

     ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത്‌ തന്നെ. അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പുത്രനായിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനര്‍ത്ഥം  'വലിയ ത്യാഗം' ചെയ്തവര്‍ എന്നാണ്‌. ദേവന്മാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തില്‍ അസൂയാലുക്കളായ ദേവന്മാര്‍ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാന്‍ വാമനന്‌ അനുവാദം നല്‍കി. ആകാശംമുട്ടെ വളര്‍ന്ന വാമനന്‍ തന്റെ കാല്‍പ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വര്‍ഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോള്‍ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്ത്തി. ആണ്ടിലൊരിക്കല്‍ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളില്‍ തന്റെ പ്രജകളെ സന്ദര്‍ശിക്കുന്നതിന്‌ അനുവാദവും വാമനന്‍ മഹാബലിക്കു നല്‍കി. അങ്ങനെ ഒരോ വര്‍ഷവും തിരുവോണ നാളില്‍ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദര്‍ശിക്കാന്‍ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയില്‍ ഉള്ള വിശ്വാസം.
        എന്നാലട്ടൊരു ഭാഷ്യം ഉള്ളത് മഹാബലിയുടെ ദുരഭിമാനം തീര്‍ക്കാനായാന്‌ വാമനന്‍ അവതാരമെടുത്തത് എന്നാണ്‌. മഹാബലി പിന്നീട് വാമനന്‍ ആരാണെന്ന് മനസ്സിലാക്കുകയും തന്റെ പാപ പരിഹാരാര്‍ത്ഥം മൂന്നാമത്തെ അടി വക്കാനായി സ്വന്തം തല കാണിച്ചു കൊടുക്കുകയും ചെയ്തു. വിഷ്ണു മഹാബലിയെ മോക്ഷ പ്രാപ്തനാക്കുകയും ജനിമൃതിയുടെ കരങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു.
        പരശുരാമകഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ടുണ്ട്‌. വരുണനില്‍ നിന്ന്‌ കേരളക്ഷേത്രത്തെ മോചിപ്പിച്ച്‌ ബ്രാഹ്മണര്‍ക്ക്‌ ദാനം നല്‍കിയ പരശുരാമന്‍ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്‌ വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയില്‍ അവതരിക്കുമെന്ന്‌ വാഗ്ദാനം ചെയ്യുന്നു. ഈ ദിവസം ഓണമെന്നും സങ്കല്‍പ്പമുണ്ട്‌.

Thursday, 1 September 2011

പൊന്നോണം വരവായി..

     ഓണം മലയാളികളുടെ ദേശീയോത്സവമാണ്‌. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.
   ഓണം സംബന്ധിച്ച് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമാണെന്ന് കരുതിപ്പോരുന്നു. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ്‌ ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാള്‍ വളരെ മുന്‍പേ തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികള്‍ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ 'മധുരൈകാഞ്ചി 'യിലാണ്‌ ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) പരാമര്‍ശങ്ങള്‍ കാണുന്നത്‌. കാലവര്‍ഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശ കപ്പലുകള്‍ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തില്‍ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വര്‍ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിന്‍ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തില്‍ വിലവേടുപ്പിനെക്കാള്‍ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം എന്നതാണ് ഇന്ദ്രവിഴയും ഓണവും തമ്മില്‍ ഉണ്ടായ വ്യത്യാസത്തിനു കാരണം.
      സംഘകാലത്ത് കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം ബുദ്ധമതം പ്രബലമായിരുന്നു. അക്കാലത്ത് മഴക്കാലത്ത് ഭജനയിരിക്കലും പഠനവും ഒക്കെയായി ജനങ്ങള്‍ കഴിഞ്ഞിരുന്നു. ഈ അവസ്ഥ തീര്‍ന്ന് മഴമാറി വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണ മാസത്തിലെ തിരുവോണ നാളില്‍ ആണ്‌. ശ്രാവണത്തിന്റെ പാലി സമാന്തരമാണ്‌ സാവണം. അത് ആദിരൂപം ലോപിച്ച് പാലിയുടെ തന്നെ നയമനുസരിച്ച് ആവണം എന്നും പിന്നീട് ഓണം എന്നും ഉള്ള രൂപം സ്വീകരിച്ചു.